ഡല്‍ഹി: ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് തനിക്ക് വധഭീഷണി ലഭിച്ചതായി പൂര്‍ണിയ എംപി പപ്പു യാദവ്. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് ഒന്നിലധികം തവണ കോളുകള്‍ വന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അദ്ദേഹം കത്തയച്ചു.
നിയമം അനുവദിക്കുകയാണെങ്കില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ശൃംഖല 24 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന് പപ്പു യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പപ്പു യാദവിനെതിരെ വധ ഭീഷണി ലഭിച്ചിരിക്കുന്നത്.
മുംബൈയില്‍ എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പപ്പു യാദവിന്റെ പ്രസ്ഥാവന.
ജയിലില്‍ കിടന്ന് ഒരു കുറ്റവാളി വെല്ലുവിളിക്കുതയാണ്. അയാള്‍ ആളുകളെ കൊല്ലുന്നു. എല്ലാവരും കാഴ്ചക്കാരായി നിശബ്ദരാകുന്നു. ആദ്യം മൂസാവാല, പിന്നെ കര്‍ണി സേനയുടെ തലവന്‍. ഇപ്പോള്‍ ഒരു രാഷ്ട്രീയക്കാരനും കൊല്ലപ്പെട്ടു. നിയമം അനുവദിക്കുകയാണെങ്കില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ ഞാന്‍ അവസാനിപ്പിക്കും എന്നാണ് യാദവ് പറഞ്ഞിരുന്നത്.
സംഭവത്തെ തുടര്‍ന്ന് തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പപ്പു യാദവ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഭീഷണിയാണ് തന്റെ ആവശ്യത്തിന് അടിസ്ഥാനമെന്നും യാദവ് ചൂണ്ടിക്കാട്ടി.
കത്തിന്റെ പകര്‍പ്പ് അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്.