/sathyam/media/media_files/Ugg27qZaIoFpooDUfE1D.jpg)
മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മഹാരാഷ്ട്ര മുന്‍ മന്ത്രിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിക്ക് ലോറന്‍സ് ബിഷ്ണോയി സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
നാലാം പ്രതിയെന്ന് തിരിച്ചറിഞ്ഞ മുഹമ്മദ് സീഷന്‍ അക്തറിന് ലോറന്‍സ് ബിഷ്ണോയി സംഘാംഗമായ സൗരവ് മഹാകലുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ സജീവ അംഗവും അന്‍മോല്‍ ബിഷ്ണോയിയുടെ അടുത്ത സഹായിയുമാണ് സൗരവ് മഹാകല്‍. പഞ്ചാബിലെ സിദ്ധു മൂസ്വാല കൊലക്കേസ് അന്വേഷണത്തിനിടെ മഹാകലിന്റെ പേരും ഉയര്‍ന്നിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ജലന്ധറിലെ നകോദറിലെ ഷകര്‍ ഗ്രാമവാസിയായ സീഷാന്‍ അക്തറിനെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പട്യാല ജയിലില്‍ തടവില്‍ കഴിയവെയാണ് 2022-ല്‍ ലോറന്‍സ് ബിഷ്ണോയി സംഘവുമായി അക്തര്‍ ആദ്യമായി ബന്ധപ്പെടുന്നത്. ഇവിടെ വച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്താന്‍ അക്തറിന് നിര്‍ദ്ദേശം ലഭിച്ചതെന്നാണ് വിവരം.