മുംബൈ: ഇന്ത്യയുടെ 'അമൂല്യ രത്‌നം' രത്തന്‍ ടാറ്റ ഇനിയില്ല. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ 86ആം വയസ്സില്‍ ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ സംസ്‌ക്കരിക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് രത്തന്‍ ടാറ്റ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
തിങ്കളാഴ്ചത്തെ തന്റെ അവസാന പോസ്റ്റില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ:-
'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി.' 'എന്റെ ആരോഗ്യത്തെക്കുറിച്ച് അടുത്തിടെ പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് എനിക്ക് അറിയാം, ഇത് അടിസ്ഥാനരഹിതമാണെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രായവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കാരണം ഞാന്‍ ഇപ്പോള്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. എന്റെ മനോവീര്യം ഉയര്‍ന്നതാണ്.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു'.
പ്രധാനമന്ത്രി മോദി മുതല്‍ രാഷ്ട്രപതി വരെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അനുശോചിച്ചു. വളരെ ദുഃഖത്തോടെയാണ് താന്‍ രത്തന്‍ ടാറ്റയ്ക്ക് വിടനല്‍കുന്നതെന്ന് അദ്ദേഹം കുറിച്ചു.