Advertisment

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ; ശരദ് പവാർ പക്ഷം നിർദ്ദേശിച്ച പുതിയ എൻ സി പിയുടെ പേരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

New Update
sarad

മുംബൈ: ശരദ് പവാർ പക്ഷം നിർദ്ദേശിച്ച പുതിയ എൻ സി പിയുടെ പേരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ എന്നതാണ് പാർട്ടിയുടെ പുതിയ പേര്. ഇതോടെ മഹാരാഷ്ട്രയിൽ ഇനി രണ്ട് എൻ സി പി യാവും തിരഞ്ഞെടുപ്പുകളിൽ ഏറ്റുമുട്ടുക. അജിത് പവാറിന്റെ ഔദ്യോഗിക എൻ സി പിയും അമ്മാവൻ ശരദ് പവാറിന്റെ പേരിലുള്ള രണ്ടാമത്തെ വിഭാഗവും. 

Advertisment

അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻ സി പിയായി പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ശരദ് പവാർ പക്ഷത്തോട് പാർട്ടിക്ക് പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാൻ ഉത്തരവിട്ടിരുന്നു.

മഹാരാഷ്ട്രയിലെ ആറ് സീറ്റുകളിലേക്ക് വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പുതിയ പേരും ചിഹ്നവും തിരഞ്ഞെടുക്കാൻ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ചൊവ്വാഴ്ച ഒറ്റത്തവണ ഇളവ് നൽകിയിരുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പായി ഓപ്‌ഷനുകൾ സമർപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ഉടലെടുത്ത തർക്കത്തിന് തീർപ്പ് കൽപ്പിക്കാൻ പാർട്ടിയുടെ നിയമസഭാ വിഭാഗത്തിലെ ഭൂരിപക്ഷ പരിശോധനയെയാണ് ആശ്രയിക്കുന്നതെന്ന് ചൊവ്വാഴ്ച ഇരുപക്ഷത്തിനും അയച്ച അന്തിമ ഉത്തരവിൽ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

എൻസിപിയുടെ എംപിമാർ, എംഎൽഎമാർ, എന്നിവരുടെ ആകെ എണ്ണം 81 ആയിരുന്നു, അതിൽ 57 പേർ അജിത് പവാറിനെ പിന്തുണച്ചപ്പോൾ 28 പേർ  മാത്രമാണ് ശരദ് പവാറിനെ പിന്തുണച്ചത്. അഞ്ച് എംഎൽഎമാരും ഒരു ലോക്‌സഭാ എംപിയും ഇരുപക്ഷത്തെയും പിന്തുണച്ചും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ ആറുപേരെ ഒഴിവാക്കിയാലും അജിത് പവാറിന്റെ വിഭാഗത്തിനാണ് ഭൂരിപക്ഷ പിന്തുണയെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ, തിരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് വ്യത്യസ്ത തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിലെങ്കിലും പവാർ മത്സരിച്ചിട്ടുണ്ട്. ഒരു ജോടി കാളകൾ, ചർക്ക, പശുവും കാളക്കുട്ടിയും, കൈയും ക്ലോക്കും. എൻ.സി.പി സ്ഥാപിക്കുന്നതിന് മുമ്പ് അദ്ദേഹം കോൺഗ്രസ്, കോൺഗ്രസ് (ആർ), കോൺഗ്രസ് (യു), കോൺഗ്രസ് (സോഷ്യലിസ്റ്റ്), കോൺഗ്രസ് (ഐ) തുടങ്ങിയ പാർട്ടികളിലായിരുന്നു.

രണ്ട് എൻ.സി.പി ഗ്രൂപ്പുകളിലെയും എം.എൽ.എമാർക്കെതിരായ അയോഗ്യത ഹർജികളിൽ ഇതുവരെ വിധി വരാത്തതിനാൽ, പവാർ ഗ്രൂപ്പ് പുതിയ പേരും ചിഹ്നവും സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് മുന്നിൽ പോരാട്ടം കാത്തിരിക്കുകയാണ്. കേസിൽ ജനുവരി 31ന് വാദം പൂർത്തിയായി, ഫെബ്രുവരി 15നകം വിധി പ്രതീക്ഷിക്കുന്നുണ്ട്.

Advertisment