/sathyam/media/post_attachments/ZM0WurEAH9Vaux7rQlhQ.jpg)
ഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുന്‍ മുംബൈ മേയറും ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ ദത്ത ദല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ദത്ത ദല്‍വി ഡിസംബര്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ഇന്ന് രാവിലെ ഭാണ്ഡൂപ്പ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ മുംബൈ സബര്‍ബനിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ(1)(എ), 153ബി(1)(ബി), 153എ(1)(സി), 294, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദല്‍വിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഞായറാഴ്ച സബര്‍ബന്‍ ഭാണ്ഡൂപ്പില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. അവിടെ വച്ച് ദല്‍വി ഷിന്‍ഡെയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപണം.
ഏകനാഥ് ഷിന്‍ഡെയുടെ അനുയായികളില്‍ ഒരാളാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുക മാത്രമല്ല, സിആര്‍പിസി സെക്ഷന്‍ 41 (എ) പ്രകാരം അദ്ദേഹത്തെ വിളിപ്പിക്കാന്‍ പോലീസ് നോട്ടീസ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ദല്‍വി അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പ്രോസിക്യൂഷന്‍ വാദം കേള്‍ക്കലിനിടെ പറഞ്ഞു. ദല്‍വിയുടെ അഭിഭാഷകര്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വിഷയത്തില്‍ അന്വേഷണം നടന്നുവരുകയാണ്.
അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി അജിത് പവാറിന്റെ എന്‍സിപിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും തമ്മിലുള്ള ഭിന്നത തുടരുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ 26ലും മത്സരിക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us