/sathyam/media/media_files/0s7rOqFOrJRpdyQY7VeC.jpg)
മുംബൈ:മുംബൈയിലെ സ്യൂട്ട്കെയ്‌സ് കൊലപാതകത്തിൽ പ്രതിയുമായി ആശയവിനിമയം നടത്താൻ പൊലീസിനെ സഹായിച്ചത് കോൺസ്റ്റബിളിൻ്റെ ഭിന്നശേഷിക്കാരനായ മകൻ.
ദാദർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിനുള്ളിലാണ് 30-കാരനായ അർഷാദലിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെൻ്റ് റെയിൽവെ പൊലീസും ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൈഡുണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി.
അർഷാദലിയുടെ സുഹൃത്തുക്കളായ ജയ് പ്രവീൺ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ഭിന്നശേഷിക്കാരും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവരുമായിരുന്നു.
എന്നാൽ കേസ് ഏറ്റെടുത്ത മുംബൈ പൊലീസിന് പ്രതികളുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുണ്ടായി. പൊലീസിൽ ആർക്കും ആംഗ്യഭാഷ അറിയില്ലായിരുന്നു.
തുടർന്നാണ് ആർഎ കിദ്വായ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജേഷ് സത്പുതെയുടെ മകനെ പൊലീസ് ആശ്രയിച്ചത്. ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലി പ്രതി ജയ് പ്രവീൺ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.