അത്തരത്തിലൊരു സംഭവം നടന്നിട്ടില്ല: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടമാനഭംഗത്തിനിരയായെന്ന ആരോപണം നിഷേധിച്ച് യുവതി

29 കാരിയായ യുവതിയെ പോലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വെളിപ്പെടുത്തല്‍

New Update
1424762-crime22.webp

മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടമാനഭംഗത്തിനിരയായെന്ന ആരോപണം നിഷേധിച്ച് യുവതി രംഗത്ത്. എംആര്‍എ മാര്‍ഗ് പൊലീസ് കൂട്ടബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് അത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തി രക്ഷപ്പെട്ട യുവതി രംഗത്തെത്തിയത്.

Advertisment

ഒക്ടോബര്‍ 2 ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് സ്റ്റേഷന് പുറത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ വെച്ച് രണ്ട് വ്യക്തികള്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

29 കാരിയായ യുവതിയെ പോലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വെളിപ്പെടുത്തല്‍. യുവതി സംഭവം പൂര്‍ണമായും നിഷേധിച്ചു.

ഒരു എന്‍ജിഒയുടെ സാന്നിധ്യത്തില്‍ അധികൃതര്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും 2023 ലെ ഭാരതീയ നഗ്രിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 183 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

സെപ്തംബര്‍ 22 ന് അര്‍ദ്ധരാത്രിയോടെ സിഎസ്എംടി ബെസ്റ്റ് ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ രണ്ട് പുരുഷന്മാര്‍ യുവതിയെ സമീപിക്കുകയായിരുന്നുവെന്നാണ് നവി മുംബൈയിലെ ഒരു ആശുപത്രി ജീവനക്കാരനില്‍ നിന്ന് പോലീസിന് ലഭിച്ച പരാതി. നേരത്തെ ഈ പുരുഷന്മാരെ കണ്ടിട്ടുണ്ടെങ്കിലും അവരെ പരിചയമില്ലെന്നും പരാതിയില്‍ പറയുന്നു.

അവര്‍ യുവതിയെ ബലമായി ടാക്‌സി സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാക്‌സിക്കുള്ളില്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് യുവതി നവി മുംബൈയിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. നെരൂള്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് യുവതി കരയുന്നത് വഴിയാത്രക്കാരന്‍ ശ്രദ്ധിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി യുവതി ആശുപത്രി ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് തനിക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ സിഎസ്എംടി റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും രണ്ട് അജ്ഞാതര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് പരാതി നല്‍കുകയുമായിരുന്നു. സിഎസ്എംടി സര്‍ക്കാര്‍ റെയില്‍വേ പൊലീസ് പിന്നീട് കേസ് എംആര്‍എ മാര്‍ഗ് പൊലീസിന് കൈമാറി.

പിന്നീട് പൊലീസ് യുവതിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂട്ടബലാത്സംഗം നടന്നെന്ന ആരോപണം യുവതി നിഷേധിച്ചത്.

Advertisment