പുണ്യമാസമായ റംസാനിലും വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. 2009ന് ശേഷം ആദ്യമായാണ് രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കുന്നത്. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്.
/sathyam/media/post_attachments/QP3ktDeNeADB3nonQUOh.jpg)
മാര്‍ച്ച് 28നാണ് കൊലക്കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയത്. സൗദി അറേബ്യന്‍ ഔദ്യോഗിക പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കുത്തിക്കൊന്ന ശേഷം തീകൊളുത്തുക കൂടി ചെയ്തതാണ് ഇയാള്‍ക്കെതിരായ കുറ്റം.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എങ്കിലും 2009 മുതല്‍ റംസാന്‍ മാസങ്ങളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞിരുന്നു. മാര്‍ച്ച് 28ലെ ശിക്ഷ കൂടി നടപ്പാക്കിയതോടെ ഈ വര്‍ഷം മാത്രം സൗദി അറേബ്യയില്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 17 ആയി.
2022ല്‍ മാത്രം 147 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. 2021ല്‍ 69 പേരുടെ വധശിക്ഷ നടപ്പാക്കി. അതായത് ഒരു വര്‍ഷത്തിനിടെ വധശിക്ഷകളുടെ എണ്ണം ഇരട്ടിയായി .
രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. 2015ല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതിന് ശേഷം ആയിരത്തിലധികം വധശിക്ഷകളാണ് വിധിച്ചത്. ശിരച്ഛേദം നടത്തിയാണ് രാജ്യത്ത് പലപ്പോഴും വധശിക്ഷ നടപ്പിലാക്കുന്നത്.