ആഗോളതലത്തില്‍ മാര്‍ബര്‍ഗ് വൈറസ് പടര്‍ന്നുപിടിച്ചതോടെ അതീവജാഗ്രതാ നിര്‍ദേശം നല്‍കി ഗള്‍ഫ് നാടുകള്‍

author-image
Gaana
New Update

അബുദാബി: ആഗോളതലത്തില്‍ മാര്‍ബര്‍ഗ് വൈറസ് പടര്‍ന്നുപിടിച്ചതോടെ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഗള്‍ഫ് നാടുകള്‍.

Advertisment

publive-image

യു.എ.ഇ, സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തര്‍ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി. വൈറസ്ബാധ സംബന്ധിച്ച്‌ പ്രാദേശിക, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള ടാന്‍സാനിയ, ഇക്വിറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഖത്തര്‍ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്

മാറ്റിവയ്ക്കാനാകാത്ത കാരണങ്ങളാല്‍ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതര്‍ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികര്‍, 21 ദിവസം വരെ നിരീക്ഷണത്തില്‍ കഴിയണം.

ഇവര്‍ പനി, തലവേദന, പേശിവേദന, വയറിളക്കം, ഛര്‍ദി, തൊലിപ്പുറത്തെ തടിപ്പ് മുതലായ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസരത്തില്‍ സ്വയം ഐസൊലേഷനില്‍ തുടരണമെന്നും, 16000 എന്ന നമ്ബറില്‍ രോഗവിവരം ധരിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം യു.എ.ഇയും സമാനനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇക്വിറ്റോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ തിരിച്ചെത്തിയാല്‍ ഐസൊലേഷനില്‍ പോകണമെന്ന് യു.എ.ഇ. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. യാത്രയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അറിയിക്കണം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ വൈദ്യസഹായം തേടുകയും വേണം. ആരോഗ്യ അതോറിറ്റി നല്‍കുന്ന പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കണം. അത്യാവശ്യമില്ലെങ്കില്‍ ഇവിടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യു.എ.ഇ. ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സൗദി ആരോഗ്യമന്ത്രാലയവും അതീവ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ സൗദി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പഴംതീനി വവ്വാലുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും.

രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുകയാണ്.രോഗപ്രതിരോധത്തിനുള്ള മാര്‍ഗം.

ലക്ഷണങ്ങള്‍

  1. ഉയര്‍ന്ന പനി
  2. അസഹ്യമായ തലവേദന
  3. പേശിവേദന
  4. ശരീരവേദന
  5. ഛര്‍ദി
  6. അടിവയര്‍ വേദന
  7. വയറിളക്കം

രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.

ചികിത്സ

മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക

Advertisment