യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കുള്ള ഡൊമൈൻ നെയിം സ്വന്തമാക്കി മലയാളി

author-image
Gaana
New Update

യു.എ.ഇ: യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കുള്ള ഡൊമൈൻ നെയിം വിൽപ്പന ഇക്കഴിഞ്ഞ ആഴ്ച ദുബയിൽ വെച്ച് നടന്നു. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നാമമായ എയർ കേരള ഡോട്ട് കോം എന്ന ഡൊമൈനാണ് യുഎഇയിലെ മുന്‍ നിരയിൽ പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ സ്മാർട്ട് ട്രാവൽ ഏജൻസിയുടെ ചെയർമാൻ അഫി അഹമ്മദ് കരസ്ഥമാക്കിയത്. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഡൊമൈൻ നെയിം സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. പ്രാഥമിക നിലയില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ഒരുക്കുക തുടര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലേക്കും സ്വന്തമായ വിമാന അന്താരാഷ്‌ട്ര വിമാന സര്‍വീസുകളും എന്ന ലക്ഷ്യത്തോടെയാണ് ഡൊമൈന്‍ സ്വന്തമാക്കുക എന്നതിലൂടെ സ്മാര്‍ട്ട് ട്രാവല്‍സ് മുന്നോട്ട് പോകുന്നത്.

Advertisment

publive-image

സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായ പ്രമുഖരുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായി ഒരു വിമാനക്കമ്പനി എന്നതാണ് തന്‍റെ മനസ്സിലെ ആശയമെന്ന് അഫി അഹമ്മദ് പറഞ്ഞു.

publive-image

സൗദിയയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും സാധാരണക്കാർക്ക് ഒരു ആശ്വാസമെന്നാണോണമാണ് പദ്ധതികള്‍ തയാറാക്കുന്നത്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കുവാൻ ഒരു അന്തർദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

publive-image

റാസ് അൽ ഖൈമ , ഫുജൈറ , അൽ ഐൻ പോലുള്ള എയർപോർട്ടുകൾ ഉപയോഗിച്ചുകൊണ്ട് വളരെ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു വലിയ ഉദ്യമത്തിന് മുതിരുന്നതെന്ന്‌ സ്മാർട്ട് ട്രാവൽ ഫൗണ്ടർ അഫി അഹമ്മദ് അറിയിച്ചു. കമ്പനി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വ്യോമയാന മേഖലകളിൽ ജോലി ചെയ്ത മലയാളി സുഹൃത്തുക്കളുടെയും മാർക്കറ്റിംഗ് , ക്രിയേറ്റീവ് രംഗങ്ങളിൽ ഉള്ളവരുടെയും വിലപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിച്ച് കൊണ്ടിരിക്കുകയാണ്.

publive-image

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 1971 എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘എക്സിക്യൂട്ടീവ് ബാച്ചിലേർസ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലാണ് യുഎഇ യിലെ ഏറ്റവും വലിയ തുകക്ക് എയർ കേരള ഡോട്ട് കോം സ്മാർട്ട് ട്രാവൽസിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നത്. കേരളസർക്കാർ എയർ കേരളയുമായി മുന്നോട്ട് പോയിരുന്ന കാലഘട്ടത്തിൽ ടൈംസ് ഓഫ് ഇന്ത്യ അഞ്ചുകോടിയോളം രൂപയാണ് അന്ന് ഈ പേരിന് വിലയിട്ടിരുന്നത്. പിന്നീട് ധാരാളം അന്തർദേശീയ ഡൊമൈൻ ബ്രോക്കേഴ്‌സ് സമീപിച്ചെങ്കിലും കേരളത്തിന്റെ ഒരു പേരായതുകൊണ്ടും
മലയാളിയുടെ ഒരു സ്വപ്നപദ്ധതി ആയതുകൊണ്ടും എയർ കേരളയെ വിൽക്കുവാൻ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല.

എന്നെങ്കിലും ഒരു നാൾ വരും എന്ന പ്രതീക്ഷയിൽ 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ കോവിഡ് സമയങ്ങളിൽ മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് ലാഭനഷ്ടങ്ങൾ നോക്കാതെ ഏറ്റവും കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറത്തിയ പരിചയ സമ്പത്തുമായി സ്മാർട്ട് ട്രാവൽ ഉടമ അഫി അഹമ്മദ് ഒരു വിമാനക്കമ്പനിയുടെ ആശയവുമായി സമീപിച്ചപ്പോഴാണ് ഡൊമൈൻ അദ്ദേഹത്തിന് കൈമാറുവാൻ ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനി തീരുമാനിച്ചത്.

യുഎഇ യിലെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ആദ്യമായി വഴിമരുന്നിട്ടത്. എയർകേരളയെന്ന ഈ ഒരു ഉദ്യമം മലയാളികൾക്ക് ഏറെ ഉപകാരപ്പെടുത്തുവാൻ അഫി അഹമ്മദിന് സാധിക്കുമെന്ന് 1971 സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു.

അഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിരിക്കുന്നു. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്‌ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരാഭിലാശമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്. സംസ്ഥാനത്തിന്‍റെ വിമാന സര്‍വീസ് ആരംഭിക്കുക വഴി കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും കേരള ടൂറിസത്തെ ലോകോത്തരമാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌. സര്‍ക്കാര്‍ മുന്‍കൈ എടുത്തോ പ്രവാസി വ്യവസായികളെ ഉപയോഗപ്പെടുത്തിയോ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ ക്ഷണിച്ചോ സാധ്യമാക്കാന്‍ കഴിയുന്ന പദ്ധതിയാണ് കേരളത്തിന്‍റെ സ്വന്തം വിമാനക്കമ്പനി. ഇന്ത്യയുടെ അഭ്യന്തര വിമാന സര്‍വീസ് മേഖലകളില്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് പല സ്വകാര്യ വിമാനക്കമ്പനികളും ഈയിടെ പുതിയ വലിയ പദ്ധതികളുമായി മുന്നോട്ട് വരുന്നതിന്‍റെ കാരണം.

മുന്‍കാലങ്ങളില്‍ ചാര്‍ട്ടര്‍ വിമാനങ്ങളുടെ സാധ്യതകള്‍ വിജയകരമായി നടപ്പിലാക്കി തങ്ങളുടെ അനുഭവങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ കരുത്താകുമെന്നും ഇത്തരം സ്വപ്ന പദ്ധതികളെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സ്മാര്‍ട്ട് ട്രാവല്‍സ് എന്നും അഭിമാനത്തോടെ കാണുന്നുവെന്നും അഫി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സ്മാർട്ട് ട്രാവെൽസ് ഫൗണ്ടർ അഫി അഹമ്മദ് , ജനറൽ മാനേജർ സഫീർ മഹമൂദ്, 1971 പാർട്ണർ മുഹമ്മദ് അൽ അലി, കോ ഫൗണ്ടർ സാബ് സോംഹൂൻ , എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീശൻ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment