/sathyam/media/post_attachments/WmOxSOkaAuUUfwsgtYON.jpg)
വാഷിംഗ്ടണ്‍:കണക്റ്റിക്കട്ട് വിദ്യാഭ്യാസ കമ്മീഷണർ മിഗുവൽ കാർഡോണയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വിദ്യാഭ്യാസ സെക്രട്ടറിയായി ബുധനാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളെ സുരക്ഷിതമായി പഠിപ്പിക്കാന്‍ പൊതുവിദ്യാലയങ്ങളെ പ്രാപ്തമാക്കാന്‍ കഴിവുള്ള ശക്തനായ അദ്ധ്യാപകനായിരിക്കും കാര്‍ഡോണ എന്ന് ബൈഡന്‍ പറഞ്ഞു.
“സ്കൂൾ ജില്ലകൾക്കും കമ്മ്യൂണിറ്റികൾക്കും സംസ്ഥാനങ്ങൾക്കും അവരുടെ ബജറ്റുകളിൽ ഇല്ലാത്ത വ്യക്തമായ മാർഗ്ഗനിർദ്ദേശവും വിഭവങ്ങളും നൽകാന്‍ അദ്ദേഹത്തിന് കഴിയും. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പഠിപ്പിക്കുവാനും, വിദ്യാഭ്യാസ സമ്പ്രദായത്തിലെ അസമത്വം ഇല്ലാതാക്കാനും അദ്ദേഹത്തെപ്പോലെയുള്ളവരുടെ സേവനമാണ് നമുക്കു വേണ്ടത്," ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ബൈഡന്റെ ഓഫീസില്‍ നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സെനറ്റ് സ്ഥിരീകരിച്ചാൽ വിദ്യാഭ്യാസ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ലാറ്റിനോയാകും 45 കാരനായ കാർഡോണ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കണക്റ്റിക്കട്ടിന്റെ വിദ്യാഭ്യാസ കമ്മീഷണറായി നിയമിക്കപ്പെട്ടത്.
കോവിഡ്-19 വ്യാപകമായതിനെത്തുടര്‍ന്ന് കണക്റ്റിക്കട്ട് സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തിലധികം ലാപ്ടോപ്പുകൾ വേഗത്തിൽ വിതരണം ചെയ്തുകൊണ്ടാണ് കാർഡോണ വിദൂര പഠനം ആരംഭിച്ചത്. എന്നാൽ തുടർന്നുള്ള വിദൂര പഠനം വിദ്യാർത്ഥികൾക്ക് ദോഷകരമാണെന്ന് പറഞ്ഞ് സ്കൂളുകൾ വീണ്ടും തുറക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡിവോസുമായി തികച്ചും വൈരുദ്ധ്യമായ പൊതുവിദ്യാഭ്യാസ പരിചയമുള്ള ഒരാളെ നാമനിർദ്ദേശം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബൈഡന്‍ കാർഡോണയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
ലാറ്റിനോ കുടിയേറ്റക്കാരുടെ ചെറുമകനായ കാർഡോണ കണക്റ്റിക്കട്ടില്‍ മെറിഡനിലാണ് വളര്‍ന്നതും പഠിച്ചതും. 1998 ൽ ജില്ലയിലെ ഒരു പ്രാഥമിക സ്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നഗരത്തിലെ പൊതുവിദ്യാലയങ്ങളിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. ജില്ലാ സ്കൂള്‍ അസിസ്റ്റന്റ് സൂപ്രണ്ട് പദവി വരെ എത്തിയതിനുശേഷമാണ് ഇപ്പോള്‍ വിദ്യാഭ്യാസ കമ്മീഷണറായി സ്ഥാനക്കയറ്റം നേടിയത്.
ചില സമയങ്ങളിൽ സ്പാനിഷിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന കാർഡോണ, താന്‍ ദ്വിസാംസ്ക്കാരിക ജീവിത ചുറ്റുപാടില്‍ വളര്‍ന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ അസമത്വങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് വളരെയധികം ഉൾക്കാഴ്ച നൽകുന്നുവെന്ന് പറഞ്ഞു.
വൈവിധ്യത നിറഞ്ഞ അമേരിക്കന്‍ സംസ്ക്കാരവും, ഇവിടെ പഠിക്കുന്ന കുട്ടികളും അവരവരുടെ സംസ്ക്കാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ എങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിക്കാം എന്ന് വ്യക്തമായി കാഴ്ചപ്പാടുള്ള വ്യക്തിത്വത്തിനുടമയാണ് കാര്‍ഡോണ.
“ഞാൻ ദ്വിഭാഷിയും ദ്വിസാംസ്കാരികവും ആയതിനാൽ ആപ്പിൾ പൈ, അരി, ബീൻസ് എന്നിവ പോലെ ഒരു അമേരിക്കക്കാരനുമാണ്. എന്നെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍,” കാർഡോണ പറഞ്ഞു.
“വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ഈ വർഷം എത്രത്തോളം വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് എനിക്കറിയാം. ദശലക്ഷക്കണക്കിന് അമേരിക്കൻ കുടുംബങ്ങൾക്കൊപ്പം ഞാനും ആ വെല്ലുവിളികൾ അതിജീവിച്ചിട്ടുണ്ട്,”കാർഡോണ പറഞ്ഞു. വ്യക്തിഗത പഠനം രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയെന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യത്തെ 100 ദിവസത്തിനുള്ളിൽ മിക്ക യുഎസ് സ്കൂളുകളും വീണ്ടും തുറക്കുമെന്ന് ബൈഡന്‍ പറഞ്ഞു. തന്റെ ഭരണകൂടം സ്കൂൾ തുറക്കുന്ന തീരുമാനങ്ങളിൽ പുതിയ ഫെഡറൽ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കുമെന്നും, ഭാവിയില്‍ ഇത്തരത്തില്‍ ഒരു പകർച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us