കൊച്ചി: തൃപ്പൂണിത്തുറയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. എറണാകുളം ജില്ലാ പാലം വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയ്ക്ക് ഉത്തരവിട്ടത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. പാലം നിര്‍മിക്കുന്ന കരാറുകാരന് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയള്ള നടപടി.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാവിലെ പ്രതികരിച്ചിരുന്നു. യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പണി നടക്കുന്ന സ്ഥലങ്ങളില്‍ അപകട സൂചനകള്‍ നല്‍കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയോടും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരുന്ന പാലത്തില്‍ ബൈക്കിടിച്ചാണ് വിഷ്ണു എന്ന യുവാവ് മരിച്ചത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥകൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നാണ് വിഷ്ണുവിന്റെ പിതാവിന്റെ പരാതി.
മാര്‍ക്കറ്റ് പുതിയകാവ് റോഡില്‍ അന്ധകാരത്തോടിന് കുറുകേ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പാലത്തിന്റെ പണി മാസങ്ങളായി ഇഴയുകയാണ്. പാലം വേഗം പൂര്‍ത്തിയാക്കുമെന്ന് പല തവണ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പുകളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ഒഴുകിപ്പോവുകയായിരുന്നു.
നിര്‍മാണം തുടങ്ങിയ കാലം തൊട്ട് ഈ ആക്ഷേപമുള്ളതാണ്. എന്നാല്‍ ഒരു മാറ്റവും വന്നില്ല. രണ്ട് കരകളും ഇതുവരെ തമ്മില്‍ മുട്ടിയിട്ടില്ല. നിരവധി വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഈ പരിഷ്കരണം നടന്നുകൊണ്ടേയിരിക്കുന്നത്. പഴയ കലുങ്ക് പൊളിച്ചപ്പോള്‍ മുതല്‍ ഈ ഭാഗത്തെ ഗതാഗതം ഇല്ലാതായതാണ്.
പുതിയകാവ് ഭാഗത്ത് നിന്ന് ബൈക്കില്‍ വരികയായിരുന്ന എരൂര്‍ സ്വദേശികളായ ആദര്‍ശ്, വിഷ്ണു എന്നീ യുവാക്കളാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ വിഷ്ണു മരിച്ചു. പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷ ഇല്ലാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ട് ടാര്‍ വീപ്പകള്‍ മാത്രമാണ് റോഡില്‍ വച്ചിട്ടുള്ളത്. പൊലീസ് സ്റ്റേഷന് സമീപത്താണ് ഇത്തരമൊരു സംഭവം നടന്നത്.
റോഡിനും പാലത്തിനും ഇടയില്‍ ആഴത്തിലുള്ള കുഴിയാണ്. പുലര്‍ച്ചെ ആയതിനാല്‍ ഇത് അറിയാതെ വന്നതാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ പണിയില്‍ അധികൃതര്‍ക്കാണ് പ്രധാനമായി വീഴ്ച പറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.