കേരളത്തിന്റെ ഐശ്വര്യ സജു മിസ് സൗത്ത് ഇന്ത്യ

ഉല്ലാസ് ചന്ദ്രൻ
Saturday, January 18, 2020

പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിന്റെ ഐശ്വര്യ സജുവിന് സ്വന്തം. കേരളത്തില്‍നിന്നുള്ള വിദ്യ വിജയകുമാര്‍ ഫസ്റ്റ് റണ്ണറപ്പും, കര്‍ണാടകയില്‍ നിന്നുള്ള ശിവാനി റായ് സെക്കന്‍ഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി കണ്ണൂരിലെ ‘ലക്‌സോട്ടിക്ക ഇന്റ്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററി’ല്‍ സംഘടിപ്പിച്ച മത്സരത്തിലാണ് ജേതാക്കളെ കണ്ടെത്തിയത്.

തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ സായംസന്ധ്യയെ ധന്യമാക്കി അരങ്ങേറിയ മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി 23 സുന്ദരിമാരാണ് വേദിയില്‍ മാറ്റുരച്ചത്. മിസ് സൗത്ത് ഇന്ത്യ-2020 വിജയിക്ക് മുന്‍ മിസ് സൗത്ത് ഇന്ത്യ ജേതാവ് മിസ് നികിത തോമസ്, ഫസ്റ്റ് റണ്ണറപ്പിന് നടി അംബിക, സെക്കന്‍ഡ് റണ്ണറപ്പിന് നടി അഭിരാമി എന്നിവര്‍ സുവര്‍ണ്ണകിരീടങ്ങള്‍ അണിയിച്ചു.

കൂടാതെ ജേതാക്കള്‍ക്ക് മൊമെന്‍ഡോയും, സര്‍ട്ടിഫിക്കറ്റും മറ്റ് ഉപഹാരങ്ങളും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജരും ചീഫ് പി.ആര്‍.ഒയുമായ സനോജ് ഹെര്‍ബെര്‍ട്ട് സമ്മാനിച്ചു. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിങ് പാനലില്‍ അണിനിരന്നത്.

ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്നു റൗണ്ടുകളാണ് മത്സരത്തിനുണ്ടായിരുന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

×