Advertisment

മിഷ്ടാന്നം (കഥ)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഷീല എൽ.എസ്, കൊല്ലം

ഭാര്യയും മക്കളും ഏറെ കേണപേക്ഷിച്ചിട്ടും അനുസരിക്കാതെ ഇറങ്ങിത്തിരിച്ചതാണു്. നാടുചുറ്റാൻ. അന്ന് ഇട്ടെറിഞ്ഞു പോരുമ്പോൾ മക്കൾക്ക് പതിമൂന്നും പന്ത്രണ്ടും വയസ്സായിരുന്നു ഒന്നുമൊന്നും ആകാത്ത പ്രായം. എന്നിട്ടും.... അതൊന്നും അന്നൊരു തടസ്സമായി തോന്നി യതേയില്ല.

വീടുംപറമ്പും മാത്രം ബാക്കിവച്ച് ;മറ്റുള്ളമുതലക്കെ വിറ്റുപെറുക്കിക്കിട്ടിയ തുകയുമായിട്ടായിരുന്നു ഊരു ചുറ്റാനിറങ്ങിയത്. തൽക്കാലച്ചെല വി നായി ഭാര്യ ഓമനയുടെ പേരിൽ ഒരു ചെറിയ തുക ബാങ്കിലിട്ടു. അതു തീരുമ്പോൾ ആൺകുട്ടികളല്ലേ അവർ ജോലി ചെയ്ത് ജീവിക്കട്ടെ എന്നുളളിൽ കരുതി.

എന്തായാലും നാടു കാണുക എന്ന ആഗ്രഹത്തിൽ നിന്നും കടുകിട വ്യതിചലി യ്ക്കാനില്ല. ഞാൻ എന്റെ കാശ് എനിയ്ക്കിഷ്ടമുള്ളതു പോലെ ചെലവാക്കും എന്ന ധാർഷ്ട്യം ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അതാലചിക്കുമ്പോൾ വല്ലാത്ത കുറ്റബോധം....

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. പോയബുദ്ധിആനപിടിച്ചാലും തിരികെ വരില്ല എന്നാണല്ലോ .. പോയ കാലത്തേയ്ക്ക് തിരികെ നടക്കാനുമാവില്ല.വൃദ്ധന്റെ കുഴിഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേയ്ക്കൊഴുകി.

കണ്ണീർ തുടച്ച്ചുറ്റും നോക്കി ആരും കണ്ടില്ല.അല്ലെങ്കിൽത്തന്നെ ഇതൊക്കെ ഇപ്പോൾ ആരാണ് ശ്രദ്ധിക്കുന്നത്? റോഡിൽ നല്ല തിരക്കാണ്.ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. സൂര്യൻ പോലും വളരെ ധൃതിയിലാണെന്നു തോന്നി : എത്ര പെട്ടെന്നാണ് തീയുമായി തലയ്ക്ക് മുകളിലെത്തിയത് ! വല്ലാത്ത ചൂടു തന്നെ. അയാളുടെ ചിന്തയിലും ആ ചൂട് അരിച്ചിറങ്ങി.

വീട്ടിൽ നിന്നും ഇറങ്ങി ബോംബേയിലെത്തി. ഒരു ഇടത്തരം ഹോട്ടലിൽ മുറിയെടുത്തു.

അന്ന് യാത്രാക്ഷീണം കാരണം ബോധം കെട്ടുറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ ഉടുത്തിരുന്ന ലുങ്കി ഒഴികെ മറ്റെല്ലാം മോഷണം പോയിരുന്നു. എന്തു ചെയ്യാനാകും .? ആരോടാണ് പരാതി പറയുക ? ഭാഷഅറിയില്ല. മിണ്ടാനാവില്ല.

തിരികെ പോകാനായാലും കാശുവേണ്ടേ?അല്ലെങ്കിൽത്ത ന്നെ തിരികെച്ചെന്ന് ഭാര്യയുടേയും കുട്ടികളുടേയും മുഖത്തെങ്ങനെ നോക്കും ? അവരുടെ കണ്ണീരിന്റെ ഫലമായിരിക്കില്ലേ

ഈ സംഭവിച്ചത്? തിരികെപ്പോകാൻ ഈഗോ സമ്മതിച്ചില്ല എന്നതാണ് സത്യം.

വേനലും, മഞ്ഞും മഴയുമായി കാലങ്ങൾ കടന്നു പോയി.ഇന്നും അവരെ നേരിടാനുള്ള

ത്രാണി ഇല്ല തന്നെ.

ശരിയ്ക്കും അയാൾ നാടുചുറ്റുകതന്നെയായിരുന്നു. ഇതുവരെയും ചുറ്റി ത്തീർന്നില്ല. കണ്ടിട്ടും കണ്ടിട്ടും തീരാതെ അതങ്ങനെ നീണ്ടുനിവർന്നുകിടക്കുകയാണ്. കയ്യിൽ കാശില്ലാതെ കാൽനടയായും കള്ളവണ്ടി കയറിയും ലക്ഷ്യമില്ലാതെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു

ദിശയറിയാതെ വീണ്ടും വന്നുപെട്ടത് തുടങ്ങിയിടത്തു തന്നെ.

അങ്ങനെ ഭൂമി ഉരുണ്ടതാണെ സത്യം ഒന്നുകൂടെ ബോദ്ധ്യപ്പെട്ടു. ആളെ തിരിച്ചറിയുന്നതിനുള്ള

ഒരു രേഖയും കൈവശമില്ലാത്തതിനാൽ ആരും ഒരിടത്തുംഅടുപ്പിച്ചില്ല. തെരുവിലുണ്ടുറങ്ങി .ചുമടെടുത്തും ഭാരവണ്ടിതള്ളിയും, ഓട വൃത്തിയാക്കിയും അന്നത്തിനുള്ള വക ഒപ്പി

ക്കുമായിരുന്നു.

ഇന്ന് അതിനൊന്നിനും ശക്തി ഇല്ലാതായിരിക്കുന്നു. പലപ്പോഴും പട്ടിണി തന്നെ... മുഴുപ്പട്ടിണിയും

അർദ്ധപ്പട്ടിണിയുമായി നാളുകൾ തള്ളിനീക്കുന്നു. സൂര്യൻ ഒരു ദാക്ഷിണ്യവുമില്ലാതെ തിളയ്ക്കുന്ന രശ്മികൾ താഴേയ്ക്ക് പതിപ്പിക്കുകയാണ്.

ഒപ്പം ജഠരാഗ്നിയും .... കലശലാകുന്നു. കഴിവിന്റെ പരമാവധി സഹിച്ചിരിക്കാൻ ശീലിച്ചിട്ടുള്ള

താണ് ... എന്നിട്ടും ...

സ്വന്തം ഗ്രാമത്തിലേയ്ക്ക് പോകാതെ മറ്റുള്ള സ്ഥലങ്ങളിലെല്ലാം തെണ്ടി നടക്കുന്നു. അങ്ങോട്ടു പോകാനുള്ള ധൈര്യം ഇന്നുമില്ല.

വിശപ്പിന്റെ വിളി കലശലായപ്പോൾ വൃദ്ധൻഎഴുന്നേറ്റു . ഈ സൂര്യനും തന്നെപ്പോലെ.. ലോകം ചുറ്റാനിറങ്ങിയിട്ട് ഒരുപാടു കാലമായതല്ലേ...തലയ്ക്കു മുകളിൽ വന്നു നിന്ന് ഇങ്ങനെ നോക്കിനിൽക്കുന്നതെന്തിനാണ്?

"എന്നെപ്പോലെ ഉലകം ചുറ്റാനിറങ്ങിയതല്ലേ?എന്നിട്ടി പ്പോൾഎന്തായി, " എന്നു സൂര്യൻചോദിക്കു ന്നതു പോലെ വൃദ്ധനുതോന്നി.അയാൾ മെല്ലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

ഒരല്പ ദൂരംനടന്നു. കണ്ണുകളിൽ ഇരുട്ടുകയറുന്നു. തലചുറ്റുന്നു....

..ഇനിഒരടി പോലും നടക്കാൻ മേലാ .... അടുത്തു കണ്ട മരക്കുറ്റിയിൽ ഇരുന്നു.... മരങ്ങളെല്ലാം മുറിച്ചു മാറ്റിയ കുറ്റികൾ ഇങ്ങനെയും മറ്റുള്ളവർക്ക് ഉപകരിക്കുന്നുണ്ട്.

ചിലരങ്ങനെയാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും മറ്റുള്ളവർക്ക് ഉപകരിക്കും മറ്റു

ചിലർ തന്നെപ്പോലെ: ആർക്കും ഒരിക്കലുംഒരുപകാരവുമില്ലാതെ ജീവിച്ചു മരിക്കും.മരക്കു റ്റിയിലിരിക്കുന്ന അയാളെ നോക്കി കാട്ടുപക്ഷികൾ കലപില കൂട്ടി ... അവരുടെ കൂടുകൾ നശിപ്പിക്കാനെത്തിയവരിൽ ഒരാളായിരിക്കാo എന്നു കരുതി അവർ പ്രത്യാക്രമണത്തിന്

സംഘം ചേരുകയാവാം.''

ഭൂമിയാകെ ചുറ്റിക്കറങ്ങുന്ന പോലെ ..വയറ്റിൽ ... അമ്പലത്തിലെ ഒൻപതാം ഉത്സവം നടക്കുന്നു.

ഇത്തിരി ഭക്ഷണം കിട്ടിയിരുന്നെങ്കിൽ.. എന്നാശിച്ചു പോയി. ഏന്തിവലിഞ്ഞു് ഉള്ള ശക്തി മുഴുവൻ സംഭരിച്ച് വീണ്ടും നടന്നു.

ഒരു വീടിന്റെ ഉമ്മറത്ത് നാലഞ്ചു കുട്ടികൾ നിന്നു കളിക്കുന്നുണ്ട്. അവിടെ എന്തോ വിശേഷം പോലെ .....വൃദ്ധൻ പിൻവാതിൽ ലക്ഷ്യമാക്കി നടന്നു.

അപ്പോൾ രണ്ടു പുരുഷന്മാർഇറങ്ങി വന്നു : അയാൾ അവർകാണാതെ മറഞ്ഞു നിന്നു. ഒരാൾ ഒരിലച്ചീന്തിൽ രണ്ടു മൂന്നു ചോറുരുള കൊണ്ട് മാഞ്ചോട്ടിൽ വച്ചു. മറ്റേയാൾ കൈ നനച്ച് രണ്ടു മൂന്നു പ്രാവശ്യം കൊട്ടി ..... കാക്കയെ വിളിച്ചു എന്നിട്ടവർ അകത്തേയ്ക്ക് കയറിപ്പോയി.

ഒന്നുരണ്ടു കാക്കകൾ പറന്നു വന്ന് മാവിൻ കൊമ്പിലിരുന്നു. വൃദ്ധൻ കാക്കകളെ ശ്രദ്ധിക്കാതെ ... വീട്ടുകാർ ആരും കാണാതെ ആ ചോറെടുക്കാൻ മുന്നോട്ടു നടന്നു. അതിനരികിലെത്താറായപ്പോൾ മാവിൻകൊമ്പിലിരുന്ന കാക്കകൾ കാ.....കാ.... എന്ന്

നീട്ടിക്കരഞ്ഞു.

വൃദ്ധൻ കാക്കകളെ നോക്കി പോ കാക്കേ.. പോ .....ശ്... പോ .... കാക്കേ എന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു.. അയാളുടെ ശബ്ദം കേട്ട് പെട്ടെന്ന് വീടിന്റെ അടുക്കള വാതിൽ തുറന്ന് ഒരു

സ്ത്രീ പുറത്തിറങ്ങി വന്നു വിളിച്ചു പറഞ്ഞു :

പൊയ്ക്കോണം ...... അപ്പുറത്തേയ്ക്കെങ്ങാനും പോയിരുന്നോണം....ആ..'ചോറ് കാക്കയ്ക്ക് വച്ചതാ. അതിൽ തൊട്ടേയ്ക്കരുത്. ..കുറച്ചു കഴിഞ്ഞ് അപ്പുറത്തു വന്നാൽ ഊണു കഴിക്കാം.

ശല്യങ്ങൾ കാക്കയ്ക്ക് കൊടുക്കാനും സമ്മതിയ്ക്കില്ല......

വിളിച്ചെത്തിയവർ കഴിച്ചു കഴിയട്ടെ.എന്നിട്ടു തരാം ".. എന്നു പറഞ്ഞ് അവർ അകത്തേയ്ക്കു പോയി.

ആ സ്ത്രീയെ കണ്ടപ്പോൾ വൃദ്ധന്റെ ഉള്ളൊന്നു കാളി... അത് ഓമനയല്ലേ ? എന്റെ ഭാര്യ : അപ്പോൾ നേരത്ത ഇറങ്ങിവന്ന പുരുഷന്മാർ .....: ! തന്റെ മക്കൾ ....... ഇവർ ... ഇവിടെ ??

വൃദ്ധന് ആകെ പരവേശമായി..... എങ്ങനെയും അവിടെ നിന്നൊന്നു പോയിൽ മതി എന്നായി.

എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അവർ വാതിലടച്ചു. അയാൾ അന്ധാളിച്ചു നിന്നു.

അപ്പോൾ ഈ ബലിച്ചോർ ...അത്.... അപ്പോൾ കാക്ക പറഞ്ഞു.

ജീവിച്ചിരിക്കുന്നവരേക്കാൾ ഇപ്പോൾ മനുഷ്യർക്ക് പ്രിയം പിതൃക്കളോടാണ്. അതായത് മരിച്ചവരോട് : മരിച്ചവർ ഞങ്ങളുടെ രൂപത്തിലാണ് വരുന്നതെന്നാണല്ലോ ഇവരുടെ വിശ്വാസം.. അതും നല്ലതു തന്നെ. കാരണംഇങ്ങനെയുള്ള ദിവസമെങ്കിലുംഇവർ ഞങ്ങൾക്കു വിളിച്ചു ഭക്ഷണം തരുമല്ലോ..അല്ലാത്തദിവസങ്ങളിൽ കണ്ടാലേ ആട്ടിപ്പായിക്കും

നിനക്കും ഇതു പോലെ ഭക്ഷണം വേണമെങ്കിൽ എത്രയും വേഗംഞങ്ങളുടെ രൂപത്തിലാകാൻനോക്കൂ. എങ്കിൽ നിനക്കും മിഷ്ടാന്നം ഭുജിക്കാം. എന്നു പറഞ്ഞ് അവർ ചോറുരുളകൾ കൊത്തി വിഴുങ്ങി പറന്നു പോയി.

വൃദ്ധൻ വിശപ്പു പോലും മറന്ന് എങ്ങോട്ടെന്നില്ലാതെ നടന്നു ... എത്രയും വേഗം അവിടെ നിന്നു മാറണമെന്നേ അയാൾ അപ്പോൾ ചിന്തിച്ചുള്ളൂ........ ജീവിച്ചിരിക്കെ സ്വന്തം ബലിച്ചോർകാണേണ്ടി വന്ന ദുരവസ്ഥ ...: !

അറിയാതെ അതെടുത്തു തിന്നിരുന്നെങ്കിൽ : എങ്കിലെന്താ ! അവരുടെ കൈ കൊണ്ട് ഒരു രുളച്ചോർ തിന്നാ മായിരുന്നു. പക്ഷേ. അതിനുള്ള യോഗ്യത പോലും തനിയ്ക്കില്ല

ശരിയ്ക്കും അതിനുള്ള യോഗ്യത ഇല്ലല്ലോ ... കർമ്മ ഫലം...'' വിതച്ചത് കൊയ്തേ തീരൂ. എന്റെ വിത കൊയ്യേണ്ടത് ഞാൻ തന്നെയല്ലേ !

ഒരാളുടെ സ്വർഗ്ഗവും നരകവും തീരുമാനിക്കുന്നത് അയാളും അയാളുടെ പ്രവൃത്തികളും തന്നെയല്ലേ ?

ഈ ഭൂമിയിൽ വിതച്ചത് ഇവിടെത്തന്നെ കൊയ്യണം. പ്രതിഫലം അതിവിടെത്തന്നെ ലഭിക്കും. പൂർണ്ണമായും അനുഭവിച്ചു തീർത്തേ ഇവിടെ നിന്ന് പോകാനും കഴിയൂ. ശേഷം .... ഒന്നുമില്ല... ശൂന്യത മാത്രം.

വീട്ടുകാരെ സംബന്ധിച്ചിടത്തോളം അയാൾ മരിച്ചുകഴിഞ്ഞിരുന്നുവല്ലോ .... വർഷങ്ങൾക്കു മുൻപു തന്നെ !!!

cultural
Advertisment