പാഴ്‌സലില്‍ വന്ന മിക്‌സി പൊട്ടിത്തെറിച്ചു; കൊറിയര്‍ കടയുടമയ്ക്ക് പരുക്ക്

author-image
Charlie
New Update

publive-image

ബെംഗളൂരു: കര്‍ണാടകയില്‍ മിക്‌സി പൊതിഞ്ഞ് സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്. ഹാസന്‍ ജില്ലയിലെ കൊറിയര്‍ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയര്‍ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പാഴ്സല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.

Advertisment

ശശിക്ക് മിക്സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്‌സല്‍ അയച്ചയാളുടെ വിലാസവും വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയര്‍ ഷോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'സ്‌ഫോടന വസ്തുക്കളൊന്നും തന്നെ കടയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ച കടയുടെ വാതില്‍ തകര്‍ന്നു. ഞങ്ങള്‍ അപകട സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുളള കാരണം, എങ്ങനെയാണ് പൊട്ടിത്തെറിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്', ഹാസന്‍ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. മൈസൂരില്‍ നിന്നുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം തെളിവെടുപ്പിനായി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment