'അതിന് ഇനി റീട്ടേക്കില്ല': മോഹന്‍ലാല്‍

New Update

മോഹന്‍ലാല്‍ മലയാളത്തിന്റെ മഹാനടനാണ്. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ ആരാധകരുടെ തന്നെ സൂപ്പര്‍താരം. മോഹന്‍ലാല്‍ എന്ന നടനവിസ്മയം അണിയാത്ത വേഷങ്ങള്‍ വിരളമാണ്. അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും.

Advertisment

publive-image

അതേസമയം, തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാല്‍. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലം. തന്നെ തന്നെ മറന്ന് സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓട്ടമായിരുന്നു. അന്നേ ഭാര്യ സുചിത്ര പറഞ്ഞു. ഒരച്ഛന്‍ എന്ന നിലയില്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന്. മക്കളുമൊത്തുള്ള കാലത്തിന് റീട്ടേക്കില്ലയെന്ന്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:

''മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ്. പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി; വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു.

മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പിയിരുന്ന സുന്ദരഭൂതകാലം.

എന്റെ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: ''ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്നനിലയില്‍ പിന്നീട് ദുഃഖിക്കും...'' അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്.

mohanlal actor malayalam movie
Advertisment