നൃത്തനൃത്യങ്ങളുടെ ശാലീനതയിൽ തിളങ്ങി ഭിന്നശേഷിക്കാരിയായ മോഹിനിയാട്ട നർത്തകി രേവതി

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, July 25, 2021

പാലക്കാട്:ഭിന്നശേഷിക്കാരിയായ പാലക്കാട്ടെ മോഹിനിയാട്ട നർത്തകി രേവതി ദൂരദർശൻ
ഡി ഡിപഞ്ചാബി ചാനലിലെ മോഹിനിയാട്ടം ജനറൽ കാറ്റഗറി വിഭാഗത്തിൽ മത്സരിച്ച് റിയാലിറ്റി ഗ്രാൻഡ് ഫിനാലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

തേങ്കുറിശ്ശി ഇലമന്ദം കണ്ണികണ്ടത്ത് വീട്ടിൽ ശിവകുമാറിന്റേയും സജിതയുകടയും മകളായ രേവതി പരിമിതമായ സാഹചര്യത്തിലും നിരന്തരമായ സാധകത്തിലൂടെ ഉയരങ്ങളിലേക്ക് എത്തുകയും നിരവധി അംഗീകാരങ്ങൾ ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്. തനിക്ക് ഹരിശ്രീ കുറിച്ചു തന്ന അദ്ധ്യാപകരോടും, കൂട്ടുകാരോടും ചേർന്ന് പഠനത്തിൽ മുഴുകുമ്പോഴും നൃത്തം അഭ്യസിക്കുമ്പോഴും ഭിന്നശേഷിക്കാരിയായ രേവതിക്ക് ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു.

വൈകല്യത്തെ അതിജീവിക്കാൻ സ്വയം മുന്നോട്ട് വരികയായിരുന്നു രേവതി. സ്കൂളിലെ സുനി ടീച്ചർ രേവതിയുടെ താല്പര്യവും ഉത്സാഹവും കണ്ട് അമ്മമനസ്സോടെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ട് വന്നതാണ് രേവതിയുടെ നൃത്തനൃത്യങ്ങൾക്ക് തുടക്കമായത്. അവസാനവർഷ ടാലന്റ് റിസർച്ച് പരീക്ഷയിൽ പങ്കെടുക്കുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. അതിനുകശേഷമാണ് ശബരി വി എൽ എൻ എം യു.പി സ്കൂളിൽ ചേർന്ന് രേവതി ഐ ഇ ഡി സി കുട്ടികൾക്കായുളള മത്സരങ്ങളിൽ പങ്കെടുത്ത് നൃത്തത്തിൽ എ ഗ്രേഡും ഒന്നാംസ്ഥാനവും കരസ്ഥമാക്കിയത്.

നാലാം ക്ലാസ്സിൽ ജാൻസി ടീച്ചർ രേവതിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനം നൽകി. ഐ ഇ ഡി സി പരീക്ഷയിൽ പങ്കടുപ്പിച്ച് സമ്മാനങ്ങൾ നേടുന്നതിന് ടീച്ചർ മുന്നിൽ നിന്നു. ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയത് നൃത്തരംഗത്തേക്ക് കൂടുതൽ മുന്നേറാനുളള ആത്മവിശ്വാസമായി. എട്ടാം ക്ലാസ്സിൽ കണ്ണാടി ഹയർസെക്കന്ററി സ്കൂളിൽ ചേർന്നതോടെ അവിടെ ദിവ്യ ടീച്ചറാണ് രേവതിക്ക് പ്രോത്സാഹനം നൽകിയത്. ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം,നാടോടി നൃത്തംഎന്നിവയിൽ ഉയർന്ന നിലവാരം പുലർത്തി ശ്രദ്ധ പിടിച്ചു പറ്റി. സംസ്ഥാന തല കലോത്സവത്തിലും പങ്കെടുത്തു.കലാമണ്ഡലം പ്രസീത ടീച്ചറുടെ കീഴിൽ മോഹിനിയാട്ടം അഭ്യസിച്ച് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും 2018-19-20ൽ ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത് കണ്ണാടി സ്കൂളിന്റെെ യശസ്സ് ഉയർത്തി പിടിച്ചു.

പാലക്കാട്‌ നടന്ന സ്വരലയ സമന്വയം 2018ൽ മോഹിനിയാട്ടം അവതരിപ്പിച്ച രേവതിയെ സദസ്സ് ആദരിച്ചു. തുടക്കത്തിൽ പരമേശ്വരൻ മാസ്റ്ററുടെ കീഴിൽ ഭാരതനാട്യം അഭ്യസിച്ചു തുടങ്ങിയ രേവതി ഇപ്പോൾ കലാമണ്ഡലം പ്രസീത ടീച്ചറുടെ കീഴിൽ മോഹിനിയാട്ടവും അഷ്‌ബിൻ അനിൽ മാഷിന്റെ കീഴിൽ ഭാരതനാട്യവും അഭ്യസിച്ചുവരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ നൃത്ത പരിപാടികളിലൂടെ നിരവധി സമ്മാനങ്ങൾ നേടി. വിവിധ ചാനലുകളിൽ നൃത്തം അവതരിപ്പിച്ചു ശ്രദ്ധ നേടിയ രേവതി മോഹിനിയാട്ടം അവതരിപ്പിച്ച് അമൃത ടിവി റെഡ് കാർപ്പെറ്റ് റിയാലിറ്റി ഷോയിലൂടെ ആർട്ട് ബുക്ക് ഓഫ് വേൾഡ് റെക്കാർഡിൽ സിൽവർ ഫൈനലിസ്റ്റായും അറിയപ്പെട്ടു.

×