/sathyam/media/post_attachments/TNGL3vgQNOA3SDUKGUnk.jpg)
കുറവിലങ്ങാട്: ജീവിത കഷ്ടപ്പാടുകൾക്കിടയിലും തിളക്കമാർന്ന ശോഭയോടെ ഇരട്ട വിജയം കൊയ്തെടുത്ത കുറവിലങ്ങാട്, പറവഴിയിൽ അഖില പ്രേംകുമാറിനും, ഇന്ദ്രപ്രിയ പ്രേംകുമാറിനും അഭിനന്ദനങ്ങളുമായി മോൻസ് ജോസഫ് എംഎൽഎ വസതിയിലെത്തി ആശംസകൾ അറിയിച്ചു.
മഴവിൽ മനോരമ ചാനലിലെ 'ഉടൻ പണം' ചോദ്യോത്തര പരിപാടിയിൽ ഒരു ലക്ഷം രൂപ നേടിക്കൊണ്ട് തിളക്കമാർന്ന താരമായി തീർന്ന അഖില പ്രേംകുമാർ ഇപ്രാവശ്യത്തെ പ്ലസ് ടു പരീക്ഷയിൽ 89% മാർക്കോടെ മികച്ച വിജയം കരസ്ഥമാക്കിയതിലൂടെ ഇരട്ടി മധുരമാണ് ഉണ്ടായിരിക്കുന്നത്.
കുറവിലങ്ങാട് മുട്ടുങ്കൽ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്ന പ്രേംകുമാറിന്റെയും, സീതാലക്ഷ്മിയുടെയും മക്കളാണ്. കർണ്ണാടകത്തിൽ നേഴ്സിംഗ് പഠനം നടത്തുന്ന ഇന്ദ്രപ്രിയയും, അഖിലയും ചേർന്നാണ് മഴവിൽ മനോരമയുടെ ഉടൻ പണം പരിപാടിയിൽ വിജയം നേടിയത്.
കുറവിലങ്ങാട് പഞ്ചായത്തിലെ കാഞ്ഞിരംകുളം കോളനിയുടെ പ്രവേശന കവാടത്തിൽ വളരെ പാവപ്പെട്ട കുടുംബത്തിലാണ് ഇന്ദ്രപ്രിയ, അഖില സഹോദരിമാർ താമസിക്കുന്നത്. മൂത്ത സഹോദരിയെ വിവാഹം ചെയ്ത് അയച്ചു. മറ്റ് രണ്ട് പേരും പഠന കാര്യങ്ങൾക്ക് വേണ്ടി ജീവിത കഷ്ടപ്പാടുകളോട് പടപൊരുതിയാണ് മുന്നേറുന്നത്.
സ്വന്തമായി ഒരു വീട് പോലും ഇതുവരെ ഇവർക്ക് നിർമ്മിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞിട്ടില്ല. ഏത് സമയത്തും തകർന്ന് വീഴാവുന്നതും, സുരക്ഷിതമായ വാതിലുകൾ പോലും ഇല്ലാത്തതും, മഴയത്ത് ചോർന്നൊലിക്കുന്നതുമായ വീട്ടിലാണ് ഇന്ദ്രപ്രിയ പ്രേംകുമാറും, അഖില പ്രേംകുമാറും താമസിച്ച് വരുന്നത്. ഈ കുടുംബം താമസിക്കുന്ന 3 സെന്റ് സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ലെന്ന് അഖില അറിയിച്ചതിനെ തുടർന്ന് മോൻസ് ജോസഫ് എംഎൽഎ, വില്ലേജ് ഓഫീസറിനോടും, മീനച്ചിൽ തഹസിൽദാരോടും അടിയന്തരമായി ഇക്കാര്യങ്ങൾ പരിഹരിക്കാൻ നിർദ്ദേശം കൊടുത്തു.
എത്രയും പെട്ടെന്ന് ഇവർക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് എംഎൽഎ വ്യക്തമാക്കി. ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ സർക്കാർ സഹായം ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തുന്നതാണ്. ഇതോടൊപ്പം മനുഷ്യ സ്നേഹികളായ ആളുകളുടെ സഹായം ലഭ്യമാക്കാനും ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് എംഎൽഎ അറിയിച്ചു.
കേരളാ കോൺഗ്രസ് നേതാക്കളായ തോമസ് കണ്ണന്ത്ര, ടോമി മാക്കിയിൽ എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു. മികച്ച വിജയം നേടിയ അഖില പ്രേംകുമാറിനെയും, ഇന്ദ്രപ്രിയ പ്രേംകുമാറിനെയും ഖദർ ഷാൾ അണിയിച്ച് മോൻസ് ജോസഫ് എംഎൽഎ അനുമോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us