കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

New Update

publive-image

ബീജിങ്: കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 53കാരനായ വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. കുരങ്ങുകളെ പരിശോധിച്ചപ്പോള്‍ വൈറസ് ഇയാളിലേക്ക് പടര്‍ന്നതാകാമെന്നാണ് നിഗമനം.

Advertisment

മെയ് 27നാണ് ഡോക്ടര്‍ വൈറസ് ബാധയേറ്റ് മരിച്ചതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യന്റെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുന്ന വൈറസ് ബാധിച്ചാല്‍ 70-80 ശതമാനമാണ് മരണസാധ്യത. 1932 അമേരിക്കയിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.

കുരങ്ങിന്റെ സ്രവവുമായി നേരിട്ട് സമ്പര്‍ക്കം വരുമ്പോഴോ കടിയേല്‍ക്കുമ്പോഴോ ആണ് വൈറസ് ബാധയുണ്ടാകുക. മക്കാക്ക് എന്ന കുരങ്ങു വര്‍ഗത്തിലാണ് വൈറസ് കണ്ടുവരുന്നതെങ്കിലും കപ്പൂച്ചിന്‍ കുരങ്ങന്മാര്‍ക്കും ചിമ്പാന്‍സികള്‍ക്കും ഇന്‍ഫെക്ഷന്‍ ഉണ്ടാവാറുണ്ട്.

ഇതുവരെ ലോകത്ത് 50 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 21 പേര്‍ മരിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അഞ്ച് പേരാണ് മങ്കി ബി വൈറസ് ബാധയേറ്റ് മരിച്ചത്. അതേസമയം കുരങ്ങുപനിയുമായി ഇതിന് ബന്ധമില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയില്ലെന്നും വൈറസ് ബാധയുള്ള കുരങ്ങുമായി സമ്പര്‍ക്കം പുലര്‍ത്തിയാലേ രോഗസാധ്യതയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.

വൈറസ് ബാധിച്ച് ഒരുമാസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പനി, വിറയല്‍, പേശിവേദന, തലവേദന, ക്ഷാണം എന്നിവയാണ് പ്രധാന ലക്ഷണം. ഹെര്‍പസ് ബി, ഹെര്‍പസ് വൈറസ് സിമിയെ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. അത്യപൂര്‍വമായി മാത്രമേ ഈ രോഗം മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

NEWS
Advertisment