'കൊല്ലം കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചു'; ഭീഷണിക്കത്ത് അയച്ച അമ്മയും മകനും അറസ്റ്റിൽ

New Update

publive-image

കൊല്ലം: കലക്ട്രേറ്റില്‍ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെത്തി.

Advertisment

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭീഷണിക്കത്ത് ലഭിക്കുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഷാജനെ കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നതായും പൊലീസ് പറയുന്നു.

ഷാജൻ ഭീഷണിക്കത്ത് എഴുതുകയും അയയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15ന് കലക്ട്രേറ്റില്‍ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്തിനെക്കുറിച്ച് പൊലീസ് ഊർജിതമായി അന്വേഷിച്ചത്.

8 വർഷം മുമ്പ് കൊല്ലം കെഎസ്ആർടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരിൽ ഷാജൻ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമാണ് അത്തരത്തിൽ കത്തെഴുതാന്‍ കാരണം. ജെ പി എന്ന പേരിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Advertisment