ഇന്ന് ലോക മാതൃദിനം. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം.
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു.
അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. ഈ ദിവസം മക്കള്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. സമ്മാനങ്ങൾക്കൊപ്പം സ്നേഹവും കരുതലും അവരുടെ മനസ്സ് നനയ്ക്കട്ടെ.
പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയയോടുള്ള ആദര സൂചകമായാണ് ലോകം ആദ്യമായി മാതൃദിനം ആഘോഷിച്ചത്. പുതുകാലത്തെ അമ്മ ദിനത്തിന് തുടക്കമിട്ടത് അന്ന മേരീസ് ജാർവിസ് എന്ന അധ്യാപികയാണ്. അമേരിക്കൻ യുദ്ധത്തിൽ പരുക്കേറ്റ അന്നയുടെ അമ്മയുടെ ആഗ്രഹമായിരുന്നു അമ്മ ദിനം ആചരിക്കുക എന്നത്.
1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടു. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് മാതൃദിനാഘോഷം. അമ്മമാരെ നേരിൽ കണ്ടും അവർക്ക് കത്തുകളയച്ചുമാണ് അന്ന് മക്കൾ അമ്മ ദിനം ആഘോഷിച്ചത്. പതിയെ മറ്റുരാജ്യങ്ങളും അമ്മ ദിനം ആചരിച്ചുതുടങ്ങി.
മുമ്പെങ്ങുമില്ലാത്ത വിധം അമ്മമാർ മക്കളുടെ അതിക്രമത്തിന് ഇരയാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ചിലരെങ്കിലും കണ്ണില്ലാത്ത ക്രൂരതയാണ് അമ്മമാരോട് കാണിക്കുന്നത്. സമയ കുറവുകൊണ്ടും മറ്റും കെയർഹോമുകളിൽ അമ്മമാരെ പുറന്തള്ളുന്ന മക്കളുടെ എണ്ണവും കൂടുന്നു. ഇത്തരം പ്രവൃത്തികളില്ലാതെ അമ്മമാരെ എന്നും ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.
മുലപ്പാലിലൂടെ പകർന്നുതന്ന സ്നേഹത്തിന്റെ, ശാസനയിലൂടെ പകർന്ന തിരുത്തലിന്റെ, ചേർത്തുപിടിക്കലിലൂടെ പകർന്നുതന്ന അതിജീവനത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ മാതൃദിനവും. അമ്മ നമുക്ക് താങ്ങായും തണലായും നിന്ന പോലെ നമുക്ക് തിരിച്ചും നിൽക്കാം. വൃദ്ധസദനങ്ങളെ മറക്കാം. അമ്മമാരോടുള്ള ക്രൂരതകളോട് വിട പറയാം. എന്നിട്ട് ഒന്നിച്ചുനേരാം നമുക്ക് മാതൃദിനാശംസകള്‍...