'ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ' അഞ്ചു രാത്രികളുടെ കഥ

New Update

അഞ്ചു രാത്രികളിലായി സംഭവിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ട പ്രമേയത്തിന്മേലുള്ള അഞ്ചു ചിത്രങ്ങള്‍. ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നു കണ്ടെത്തിയ കഥകളുമായി 'വിശുദ്ധരാത്രികള്‍' സിനിമ ഒരുങ്ങുന്നു.

Advertisment

publive-image

'ജാതീയത', 'കപട സദാചാരം', 'ലിംഗവിവേചനം' തുടങ്ങിയ വിഷയങ്ങളെ വിമര്‍ശനാത്മക ഹാസ്യത്തോടെ സമീപിച്ചാണ് അഞ്ചു കഥകളും ഒരുക്കിയിരിക്കുന്നത്. ഫിലിം നൊമാഡ്‌സ്, പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മിച്ചിരിക്കുന്ന സിനിമ വൈകാതെ പ്രേക്ഷകനു മുന്നിലെത്തും.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസി. പ്രഫസര്‍ ഡോക്ടര്‍ എസ്. സുനില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച 'കളിയൊരുക്കം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ 2007-ല്‍ കുട്ടികള്‍ക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിന് സുനില്‍ പുരസ്‌കാരം നേടിയിരുന്നു. 2016-ല്‍ രണ്ടാമത്തെ ചിത്രമായ 'മറുഭാഗ'ത്തിനു പതിനെട്ടാമത് ജോണ്‍ ഏബ്രഹാം സ്‌പെഷല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കി.നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് വിഭാഗം ഡീനാണ്.

ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ ജീവിതാനുഭവം പറയുന്ന കഥയില്‍ ആ വിഭാഗത്തിലെ അഞ്ചു പേര്‍ അഭിനയിക്കുന്നു. ശീതള്‍ ശ്യാം, ഹണി വിനു, സാന്ദ്ര ലാര്‍വിന്‍, ദീപ്തി കല്യാണി, മോനിഷ എന്നിവരാണു കഥാപാത്രങ്ങളായെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ക്യാമറമാന്‍ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

മലയാള സിനിമ-നാടകമേഖലയിലെ കലാകാരന്മാര്‍ക്കു പുറമെ കൊല്‍ക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കള്‍, നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ഥികളായ പ്രിയങ്ക പഥക്, കണ്ണനുണ്ണി, മിനി.ഐ.ജി, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമ അസോഷ്യേറ്റ് പ്രഫസര്‍ ഡോക്ടര്‍ ഷിബു എസ്.കൊട്ടാരം, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ശരത് സഭ, ശ്രീജയ നായര്‍ തുടങ്ങിയവരും അഭിനേതാക്കളാണ്.

ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ടി. കൃഷ്ണനുണ്ണിയാണ് ശബ്ദസംവിധായകന്‍. ലൈവ് സൗണ്ട് റിക്കാര്‍ഡിങ്ങാണു ചിത്രത്തില്‍. വാഗമണ്‍, തൊടുപുഴഎന്നിവയ്ക്കു പുറമെ കൊല്‍ക്കത്തയും പ്രധാന ലൊക്കേഷനായാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കവി അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം സച്ചിന്‍ ബാലു.

എഡിറ്റിങ് വിജി എബ്രഹാം. ചരിത്രാധ്യാപികയായ റീന.ടി.കെ., നാടകനടനായ സുധി പാനൂര്‍, ചലച്ചിത്ര സംവിധായകനായ എബ്രു സൈമണ്‍, നാടക ഗവേഷകനായ ജെബിന്‍ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍. രാജേഷ് കാഞ്ഞിരക്കാടന്‍, ലതീഷ് കൃഷണന്‍, ജയ്‌സണ്‍ മാത്യു എന്നിവരാണ് പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സിലെ നിര്‍മാതാക്കള്‍.

malayala movie anchu rathrikal
Advertisment