പാലക്കാട്: കൊയ്ത്തുത്സവങ്ങളും കാളപ്പൂട്ടും നാട്ടു നന്മയുമായി വളര്‍ന്നുവന്നതാണ് മലയാളക്കരയുടെ സാംസ്‌കാരിക തനിമ. കാര്‍ഷികവൃത്തിയുമായി അഭേദ്യമായി ചേര്‍ന്നുനിന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികവുമായിരുന്നു.
കാര്‍ഷികവൃത്തി പ്രധാന മേഖലയായിരുന്ന നാളുകളില്‍ കലാവിഷ്‌കാരങ്ങളിലും അത് കടന്നുവന്നത് സ്വാഭാവികം. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'കാളച്ചേകോൻ' കേരളീയരുടെ കാർഷികവൃത്തിയുമായി ബന്ധപ്പെടുത്താവുന്ന സിനിമയാണ്.
മലബാറിൽ മണ്ണിനേയും മൃഗങ്ങളേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന ഒരു ജനതതിയുടെ ജീവിത ഗന്ധിയായ കഥ. കുറ്റാലം ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം.
കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്നവർ.
ജന്മിയും, അടിയാളരും ഒന്നാണ്. തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ആ ഗ്രാമത്തിലില്ല. മണ്ണും,ചേറും മനുഷ്യനും,കാളകളും, പൂട്ടുൽസവവും. ജന്മിയെന്നോ കുടിയാനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും പരസ്പരംതോളോട് തോൾ ചേർന്ന് ആ ഗ്രാമത്തെ നന്മയിലേയ്ക്ക് നയിക്കുക മാത്രമായിരുന്നു.
എന്നാൽ ആ ഗ്രാമത്തിന് ചുറ്റുള്ള പ്രദേശങ്ങളിൽ ജന്മി കുടിയാൻ വകഭേദവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. ജാതി, മതം, വർഗ്ഗം എന്നീ വിവേചനങ്ങളൊന്നും കുറ്റാലം ഗ്രാമത്തിലില്ല. മണ്ണിനെയും ചേറിനേയും കാളകളേയും സ്നേഹിക്കുന്ന അരമന പോക്കരോടൊപ്പം ഇറങ്ങിത്തിരിച്ച അന്തർജനത്തെ ആ ഗ്രാമം സ്നേഹത്തോടെ യാത്രയയ്ക്കുകയായിരുന്നു.
മലബാറിൽ അന്തർജനവും അരമന പോക്കരും തമ്മിലുള്ള പ്രണയം യഥാർത്ഥമായി നടന്നതായിരുന്നു. അതിലെ ബാക്കിപത്രമായി ഇന്നും ജീവിച്ചിരിക്കുന്ന പാത്തുമ്മ ഹൃദയ ഹാരിയായ തെളിവു തന്നെയാണ്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനുള്ള സ്ഥാനം തന്നെയാണ് കേരളത്തിലെ കാളപ്പൂട്ടു മൽസരവും.
രണ്ടും ഓരോരോ ജനവിഭാഗത്തിൻ്റെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കുറ്റാലം ഗ്രാമത്തിലെ കണ്ണുലുണ്ണിയായ കണ്ണൻ്റെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ഗ്രാമീണരുടെ നൻമയിലൂന്നിയ വിശ്വാസങ്ങളിലധിഷ്ഠിതമാണ്.
കാളച്ചേകോനും, കാളച്ചേങ്കോലും, കാള മൽസരങ്ങളും കാളോത്സവങ്ങളും സിനിമയ്ക്ക് പുതിയൊരു ആസ്വാദ്യത നൽകുന്നു. കാര്‍ഷികവൃത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകന്നതോടെ കര്‍ഷകരുടെ ജീവിതവും കർഷക പ്രശ്‌നങ്ങളുമൊന്നും സിനിമയ്ക്ക് പ്രമേയമാകാതെയായി.
ഈ സിനിമ കേന്ദ്രീകരിക്കുന്നതും അസാധാരണമായൊരു ഗ്രാമ്യ ജീവിതത്തെയാണ്.
നൻമ മാത്രം കൈമുതലായുള്ള കുറ്റാലം ഗ്രാമത്തിലേയ്ക്ക് കാളച്ചേകോനാവാൻ വീറും വാശിയും, ചതിയും പകയുമായി അരമനപോക്കർ വന്നെത്തുന്നതോടെ സിനിമയിൽ സംഘർഷം കൂടുന്നു.
കാളച്ചേകോൻ സിനിമയിൽ ഇതിനോടൊപ്പം കേരളത്തിലെ അടിയാളരുടെ വിശ്വാസ പ്രമാണങ്ങളിലെ യഥാർത്ഥ ഒടിയൻ വിശ്വാസങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. കെ.എസ് ഹരിഹരൻ തന്നെ എഴുതിയ ഗ്രാമീണ മണമുള്ള നാലു ഗാനങ്ങൾക്ക് സിനിമയിൽ നായകനായെത്തുന്ന നവാഗതൻ ഡോ: ഗിരീഷാണ് സംഗീതം പകർന്നത്.
'ശാന്തി മാതാ ക്രിയേഷൻ്റെ ബാനറിൽ, ഡോ. ജ്ഞാനദാസ് പ്രൊഡ്യൂസ് ചെയ്യുന്ന കാളച്ചേകോനിൽ, ദേവൻ, ഭീമൻ രഘു, മണികണ്ഠാചാര്യ, കരമന, ശിവജി ഗുരുവായൂർ, ഗീതാവിജയൻ, ആരാധ്യസായ്, ചിത്ര, എന്നിവർ വേഷമിടുന്നു.
കൂൾ ജയന്ത്ക്വാറിയോഗ്രാഫിയും, റൺ രവി സംഘട്ടനവും' ഷെമീർ ഖാൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം ടി.എസ് ബാബുവാണ്. ഓണത്തിന് തിയ്യേറ്റർ റീലിസ് ഉണ്ടാവും.