ഇന്റര്‍നാഷണലാകാന്‍ ഈസ്‌റ്റേണ്‍; 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്‌ലയ്ക്ക് കൈമാറുന്നു; ഇന്ത്യയിലെ മൊത്തവില്‍പ്പന ഇരട്ടിയാക്കാന്‍ ഓര്‍ക്ക്‌ല

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്‌ലയ്ക്ക് കൈമാറുന്നു. ഇതോടെ ഇന്ത്യയിലെ മൊത്തം വില്‍പ്പന ഓര്‍ക്ക്‌ല ഇരട്ടിയാക്കും. 2007ല്‍ എം.ടി.ആര്‍ എന്ന മുന്‍നിര ബ്രാന്‍ഡിനെ ഓര്‍ക്ക്‌ല ഏറ്റെടുത്തതിന് ശേഷം എം.ടി.ആറിന്റെ വില്‍പ്പന അഞ്ച് ഇരട്ടി വര്‍ധിക്കുകയും ഓര്‍ക്ക്‌ല ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സാന്നിധ്യം സുദൃഢമാക്കുകയും ചെയ്തിരുന്നു.

ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചുവടുവയ്പ്പിലൂടെ ഓര്‍ക്ക്‌ല ഇന്ത്യയിലെ മുന്‍നിര ഫുഡ്ബ്രാന്‍ഡുകളില്‍ ഒന്നായി മാറുകയാണ്. ഇതിലൂടെ സുഗന്ധ വൃഞ്ജന വിപണിയിലും അനുബന്ധമേഖലകളിലും കൂടുതല്‍ വളരാനുള്ള അവസരമാണ് ഓര്‍ക്ക്‌ലയ്ക്ക് വന്ന് ചേര്‍ന്നിരിക്കുന്നത്.

ഓര്‍ക്ക്‌ലയുടെ ഉടമസ്ഥതയിലുള്ള എം.ടി.ആര്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് ഓഹരികള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഈ കരാര്‍ പ്രകാരം ഈസ്റ്റേണിന്റെ 41.8 ശതമാനം ഉടമസ്ഥാവകാശം മീരാന്‍ കുടുംബത്തില്‍ നിന്നും 26 ശതമാനം ഉടമസ്ഥാവകാശം മക് കോര്‍മിക്ക് ഇന്‍ഗ്രീഡിയന്‍സില്‍ നിന്നുമാണ് ഓര്‍ക്ക്‌ല വാങ്ങുന്നത്.

ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ 67.8 ശതമാനം ഉടമസ്ഥാവകാശം ഓര്‍ക്ക്‌ലയ്ക്ക് വന്ന് ചേരും. ഇപ്പോള്‍ ഈസ്‌റ്റേണിന്റെ ഉടമസ്ഥാവകാശം സംയുക്തമായി മീരാന്‍ കുടുംബത്തിന്റെയും (74 %) മക് കോര്‍മിക്കിന്റെയും (26 %) കൈവശമാണ്.

ഓഹരികൈമാറ്റ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണിനെ ഓര്‍ക്ക്‌ലയുടെ ഉടമസ്ഥതയിലുള്ള എം.ടി.ആറില്‍ ലയിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെടുന്നതാണ്. ഈ ലയനത്തിലൂടെ ഇന്ത്യയിലെ രണ്ട് വിഖ്യാത ബ്രാന്റുകള്‍ ഒന്നായിത്തീരുകയാണ്. ഇന്ത്യയിലെ ബ്രാന്റഡ് ഫുഡ് വിപണിയില്‍ കൂടുതല്‍ കരുത്തോടെ വളരാനുള്ള അടിത്തറ പാകുകയാണ് ഈ ലയനം.

'ഈ പ്രഖ്യാപനം ഓര്‍ക്ക്‌ലയെ സംബന്ധിച്ച് ഒരു നിര്‍ണായക ചുവടുവയ്പ്പാണ്. സുപ്രധാന വിപണികളില്‍ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ശക്തമായ പ്രാദേശിക ബ്രാന്റുകളിലൂടെ കൂടുതല്‍ വളരാനായി ഒരു അചഞ്ചലമായ അടിത്തറ ഇടുകയാണ് ഇതിലൂടെ ഈസ്റ്റേണും എം.ടി.ആറും' ഓര്‍ക്ക്‌ല പ്രസിഡന്റും, സിഇഒയുമായ ഷോണ്‍ ഐവര്‍ സെലിമിറ്റ് പറഞ്ഞു.

1983ല്‍ എം.ഇ. മീരാന്‍ സ്ഥാപിച്ച ഈസ്റ്റേണ്‍ 2014-2020 കാലയളവില്‍ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. ഈ വരുമാനത്തിന്റെ പകുതിയും കേരളത്തില്‍ നിന്നുതന്നെ ലഭിച്ചിട്ടുള്ളതും ബാക്കി വരുമാനം അന്താരാഷ്ട്ര കയറ്റുമതിയിലൂടെയും ഇന്ത്യയിലെ മറ്റ് വിപണികളില്‍ നിന്നും നേടിയതാണ്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈസ്റ്റേണിന്റെ ഏഴ് ഫാക്ടറികളില്‍ 2955 ജീവനക്കാര്‍ ജോലി ചെയ്യുന്നു.

Advertisment