സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുസ്തകം വായനാലോകത്തിന് വായിച്ചു സൂക്ഷിക്കാനുള്ള അമൂല്യനിധി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കാലം കാതോര്‍ക്കാന്‍ വെമ്പുന്ന കനകസ്വരങ്ങള്‍ തലമുറകള്‍ക്കായി കോര്‍ത്തെടുക്കുകയാണ് ഒരു പുസ്തകം. ഹൃദയങ്ങളില്‍ നിന്ന് മാഞ്ഞു തുടങ്ങിയ അവക്ക് പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കവിയും എഴുത്തുകാരനുമായ മുജീബ് ജയ്ഹൂണ്‍.

Advertisment

യുഗപുരുഷനും മാസ്മരിക വ്യക്തിപ്രഭാവത്തിനുടമയുമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വജ്രശോഭയുള്ള വാക്കുകള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ പുസ്തകം വായനാലോകത്തിന് വായിച്ചു സൂക്ഷിക്കാനുള്ള അമൂല്യനിധിയാണ്.

publive-image

തങ്ങളെ കുറിച്ച് മരണാനന്തരം വിരചിതമായ അസംഖ്യം പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇതിനെ സവിശേഷമാക്കുന്നത് ഇത് അദ്ദേഹത്തിന്‍റെ സൗമ്യഗംഭീരങ്ങളായ വചന വൈഡൂര്യങ്ങളുടെ ആംഗലേയ മൊഴിമാറ്റമാണെന്നത് തന്നെ. 'SLOGANS OF THE SAGE' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജീവന്‍ തുടിക്കുന്ന മനോഹര ചിത്രങ്ങളുടെ പശ്ചാതലത്തിലാണ് തങ്ങളുടെ ജീവിതദര്‍ശനങ്ങളായ മുദ്രാവാക്യങ്ങള്‍ പെറുക്കി വെച്ചിട്ടുള്ളത്.

വാക്കുകളെ പോലെ വാചാലമായ ചിത്രങ്ങളുമായി പുറത്തിറങ്ങുന്ന പുസ്തകം ഈ ഗണത്തിലെ പ്രഥമ ശ്രമവും ഉജ്വലാനുഭവവുമാണ്. വാക്കുകളുടെ ധാരാളിത്തം മാറ്റിവെച്ച് കടഞെടുത്ത അക്ഷരഖനികളിലാണ് ഓരോ ഉദ്ധരണികളും തയ്യാറാക്കിയിട്ടുള്ളത്.

വ്യക്തിത്വം, തത്വശാസ്ത്രം, പരോപകാരത, ബഹുസ്വരത, രാഷ്ട്രീയം, എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുള്ള പുസ്തകം പ്രസംഗങ്ങളിലും എഴുത്തിലും ജീവിതാനുഭവങ്ങളിലും സ്വകാര്യതയിലും തങ്ങളുടെ നാവില്‍ നിന്നുതിര്‍ന്ന നൂറ് മഹദ്വചനങ്ങളെ ഉചിതമായി ക്രമീകരിച്ചിരിക്കുന്നു.

മതസൗഹാര്‍ദം, സഹിഷ്ണുത, ദേശീയോദ്ഗ്രഥനം, സംഘട്ടനം, ഇസ്ലാമിക് അദ്ധ്യാത്മ ദര്‍ശനം തുടങ്ങി അനേകം പ്രമേയങ്ങള്‍ ഇതില്‍ കടന്ന് വരുന്നു. ഹൃദയസ്പൃക്കായ വാക്കുകള്‍ മനസ്സില്‍ കുളിരു പകരുമ്പോള്‍ പശ്ചാതലത്തിലെ തډയത്വവും മൗലികതയും നിറഞ്ഞ മിഴിവാര്‍ന്ന ചിത്രങ്ങളും പരാമര്‍ശം അര്‍ഹിക്കുന്നു. കൃതഹസ്തനും പ്രതിഭാധനനുമായ ചിത്രകാരന്‍ ശിയാസ് അഹ്മദാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ iPad, Apple Pencil എന്നീ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് പൂര്‍ണ്ണമായും വരച്ചിട്ടുള്ളത്.

സിംബോളിക്ക് ചിത്രരചനയുടെ ഉള്‍വഴികളില്‍ അപൂര്‍വ്വ വൈദഗ്ധ്യത്തോടെയാണ് ചിത്രകാരന്‍ കടന്നുചെല്ലുന്നത്. ഉപയോഗിച്ച നിറങ്ങളില്‍ പോലും അത് ദൃശ്യമാവുന്നുണ്ട്. ഗ്രന്ഥകാരന്‍ അടുക്കിവെക്കുന്ന മനോഹരവാക്യങ്ങളെ ഉജ്വലമാക്കുന്ന അലങ്കാരദീപങ്ങള്‍ തന്നെയാണവ.

publive-image

രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തിന്‍റെ രണ്ടാം ഭാഗം തങ്ങളെ കുറിച്ച് ഗ്രന്ഥകാരന്‍ തയ്യാറാക്കിയ തൊണ്ണൂറ്റി ഒമ്പത് ഉദ്ധരണികളാണ്. ശിഹാബ് തങ്ങളെന്ന യതിവര്യനെ സസൂക്ഷ്മം അടുത്തുനിന്നറിഞ്ഞ ഉപാസകനായ ഒരു സന്തത സഹചാരിക്ക് മാത്രം എഴുതാനാവുന്ന വാക്കുകള്‍.

തങ്ങളെ ജീവശ്വാസത്തിലേക്ക് ആവാഹിച്ച ഗ്രന്ഥകാരന് അത് അനന്യ സൗന്ദര്യത്തോടെ നിര്‍വഹിക്കാനായത് തീര്‍ത്തും സ്വാഭാവികം മാത്രം. തന്‍റെ മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായ ഗുരുവിന്‍റെ മുമ്പില്‍ ഞാന്‍ അപൂര്‍ണ്ണനാണെന്ന സൂചന ഗ്രന്ഥകാരന്‍ ഈ ഗണിത കൗതുകത്തിലൂടെ നല്‍കുന്നുണ്ട്. ശിഹാബ് തങ്ങളുടെ വ്യക്തിത്വവും നേതൃത്വവും ദര്‍ശനങ്ങളും ആത്മീയതയുമൊക്കെ രചയിതാവ് നിരീക്ഷിക്കുന്നത് കാണാം.

കവന സൗന്ദര്യം തുളുമ്പുന്ന ചാരുതയാര്‍ന്ന ഭാഷയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ ഹൃദയഹാരിയായ അനുഭവം തന്നെയാണ് പുസ്തകം സമ്മാനിക്കുന്നത്.

കലാകാരും എഴുത്തുകാരും ആര്‍ട്ടിസ്റ്റുകളും അടങ്ങുന്ന ധൈഷണിക സമൂഹത്തിന് സയ്യിദ് ശിഹാബെന്ന ധിഷണാശാലിയും ദാര്‍ശനികനും സൗന്ദര്യാരാധകനും കാല്‍പനികനുമായ നേതാവിനെ പരിചയപ്പെടുത്തുന്ന പുസ്തകം ആഗോളതലത്തില്‍ കൂടുതല്‍ വായനക്കാരെ പ്രതീക്ഷിക്കുന്നു.

ആശയപ്രപഞ്ചം തീര്‍ക്കുന്ന ഓരോ മൊഴികള്‍ക്കും ഉചിതമായ തലക്കെട്ടുകളും രചയിതാവ് നല്‍കിയിട്ടുണ്ട്. മനം കുളിര്‍ക്കുന്ന ആ വചന സരസ്സിലെ ചില നീര്‍തുള്ളികള്‍ ഇവിടെ മൊഴിമാറ്റം നടത്തുന്നു.

* ഓരോരുത്തര്‍ക്കും ഞാന്‍ സയ്യിദ് ശിഹാബിന്‍റെ വിശേഷപ്പെട്ടവനാണെന്ന അനുഭവം സമ്മാനിച്ചു എന്നതായിരുന്നു തങ്ങളുടെ ഏറ്റവും വലിയ വൈശിഷ്ട്യം.

* സ്നേഹിക്കപ്പെടാനും ആകര്‍ഷിക്കപ്പെടാനുമുള്ള മനുഷ്യചോദനയെ പക്ഷികളിലേക്കും മിണ്ടാപ്രാണികളിലേക്കും വ്യാപിപ്പിച്ചു എന്നത് കാല്‍പനികനായ ഒരു നായകനെ അനാവരണം ചെയ്യുന്നു.

* മാഹാത്മ്യത്തിന്‍റെ നിധികുംഭങ്ങള്‍ കൃതജ്ഞതയുടെ നിലവറകളിലാണ് അടക്കം ചെയ്തിരിക്കുന്നത്. സ്വാദിഷ്ടമായ ഒരു കപ്പ് ചായക്ക് നന്ദി നേര്‍ന്നൊരു കത്തെഴുതാന്‍ സയ്യിദ് ശിഹാബിന് തെല്ലും മടിയുണ്ടായിരുന്നില്ല.

കരുണാര്‍ദ്രമായ ഹൃദയങ്ങളുടെ സ്വാഭാവിക പ്രലോഭനങ്ങളാണ് സാഹിത്യവും സംഗീതവുമെങ്കില്‍ സയ്യിദ് ശിഹാബും മറിച്ചായിരുന്നില്ല. ഹൃദയതന്ത്രികളില്‍ വീണാനാദം മീട്ടുന്ന ഒരു സൗന്ദര്യാരാധകനയാണ് സയ്യിദ് ശിഹാബ് ഇവിടെ അനാവൃതനാകുന്നത്. കര്‍മ്മങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ ഉരിയാടുമെന്ന ഉദീരണത്തിന്‍റെ മുഗ്ധമനോഹര മാതൃകയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്.

മഹാത്മാക്കളുടെ വൈയക്തിക ജീവിതം പൊതുമണ്ഡലം പോലെ ക്ലേശകരമായ പോര്‍നിലമാണ്; സയ്യിദ് ശിഹാബിന്‍റെ കാര്യത്തിലും.സൗന്ദര്യത്തെയും സ്നേഹത്തെയും പലരും വാക്കുകളില്‍ വിവരിക്കുമ്പോള്‍ സ്വന്തം ജീവിതം കൊണ്ട് അവക്ക് പുതു നിര്‍വചനം തീര്‍ത്തു സയ്യിദ് ശിഹാബ്. എല്ലാവരും ചുറ്റുമുള്ള ഇരുട്ടിനെ പഴിച്ചിരിക്കുമ്പോള്‍ ഭാസുര ഭാവിയുടെ ദ്യുതി മാത്രമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് കണ്ടത്.

സംതപ്തന്‍റെ കണ്ണുനീര്‍ തുടക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ നന്മയെന്ന് ആ മഹാനുഭാവന്‍ വിശ്വസിച്ചു. രാഷ്ട്ര നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ ന്യൂനപക്ഷം ഭാഗഭാക്കാകണമെന്ന് അദ്ദേഹം ആശിച്ചു. പാര്‍ട്ടിയുടെ തലപ്പത്ത് വിമുഖതയോടെ അവരോധിക്കപ്പെടുമ്പോള്‍ മുപ്പത്തൊമ്പതായിരുന്നു പ്രായം.

അടച്ച വാതിലിനു പിറകിലിരുന്ന് ഉത്തരവാദിത്ത ഭാരമോര്‍ത്ത് ഞാന്‍ കരഞ്ഞിരുന്നു എന്ന് സയ്യിദ് ശിഹാബ് പറയുന്നത് പുസ്തകത്തില്‍ നിന്ന് നമുക്ക് കേള്‍ക്കാം.

ഋഷിതുല്യമായ ജീവിതം നയിച്ചെങ്കിലും സയ്യിദ് ശിഹാബ് എന്നും പ്രിയപ്പെട്ടവര്‍ക്ക് നടുവിലായിരുന്നു. യതിവര്യനായ രാഷ്ട്രീയക്കാരനും സാമൂഹ്യപ്രവര്‍ത്തകനായ സൂഫിയുമായിരുന്നു അദ്ദേഹം. ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും ഏവരേയും വിസ്മയിപ്പിച്ചു സയ്യിദ് ശിഹാബ്.

കേരളത്തില്‍ പിറന്ന് ഭാരതത്തില്‍ നിറഞ്ഞ് ലോകപൗരനായി മാറിയ അദ്ദേഹത്തിന്‍റെ പിശുക്കിപ്പറഞ്ഞ വാക്കുകള്‍ ലോകത്തിന് വെളിച്ചമാകുന്നവയാണ്. പ്രക്ഷുബ്ധമായ പരിസരങ്ങളെ ശാന്തമാക്കുന്ന ഗര്‍ജ്ജനങ്ങളാവാന്‍ 'ഒരു ഋഷിയുടെ ആദര്‍ശസൂക്തങ്ങള്‍ക്കാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. '

യു.എ.ഇ നിവാസിയും എഴുത്തുകാരനും ചരിത്രാന്വേഷണ യാത്രികനും മിസ്റ്റിക് കവിയുമായ മുജീബ് ജയ്ഹൂണിന്‍റെ പുസ്തകം, സ്ലോഗൻസ് ഓഫ് ദി സേജ് (പുതിയ പതിപ്പ്) വ്യാഴാഴ്ച നവംബർ 7 നു ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക്-ഫെയറിൽ പ്രകാശിതമാകും.