സ്വയം തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: എം. മുകേഷ് എം.എല്‍.എ

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പിലാക്കിവരുന്ന വിവിധ സ്വയംതൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തരാകണമെന്ന് എം. മുകേഷ് എം.എല്‍.എ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വയംതൊഴില്‍ വിഭാഗം സംഘടിപ്പിച്ച നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുളള ഏകദിന ശില്പശാലയുടെ ഉദ്ഘാടനം കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നൂതന സംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരര്‍, വിവാഹ മോചനം നേടിയ/ ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്ത സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെ തൊഴില്‍വായ്പ്പ പദ്ധതികളായ കെസ്റൂ, മള്‍ട്ടി പര്‍പസ് സര്‍വീസ് സെന്റേഴ്സ്/ ജോബ് ക്ലബ്, ശരണ്യ, കൈവല്യ, നവജീവന്‍ എന്നിവയെ കുറിച്ചുള്ള ശില്പശാല സ്വയം തൊഴില്‍ പദ്ധതികളിലേക്ക് നവ സംരഭകരെ ആകര്‍ഷിക്കുന്നതിനുള്ള വേദിയായി.

കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഹണി ബഞ്ചമിന്‍ അദ്ധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്. ജയശ്രീ, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റ്റി. സജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ആര്‍. അശോകന്‍, സ്മിതാ എസ്. ദാസ്, എസ്. ഷാജിതാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment