Advertisment

രാജ്യദ്രോഹ കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം - മുല്ലപ്പള്ളി

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അതീവ ഗുരുതരമാണെന്നും രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ അടിയന്തരമായി ചോദ്യം ചെയ്യണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്തിന്റെയും ഡോളര്‍ക്കടത്തിന്റെയും മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. താന്‍ ഇത്രയും നാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നും ശരിവയ്ക്കുന്നതാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.ആരോപണ വിധേയനായ വ്യക്തി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് ഉചിതമല്ല.

ആരോപണ വിധേയരെ പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണം. സ്വപ്നയെ രക്ഷപ്പെടുത്താനും കേസ് ഇല്ലാതാക്കാനും മുഖ്യമന്ത്രി ശ്രമിച്ചതിന്റെ ചേതോവികാരം അന്വേഷണം തന്നിലേക്കെത്തുമെന്ന ഭയംകൊണ്ടാണ്. ഇത്രയേറെ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിട്ടും ശക്തമായ തെളിവ് ശേഖരിക്കാനോ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറാകാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു പങ്കുമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ പേരില്‍ കുറ്റംചാര്‍ത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. പത്താംക്ലാസ് പാസ്സായ സ്വപ്‌നയ്ക്ക് എങ്ങനെയാണ് ഉയര്‍ന്ന ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കൂടിയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.

സ്വര്‍ണ്ണക്കടത്ത് ലോബിയേയും മയക്കുമരുന്ന് മാഫിയയേയും സഹായിച്ച കൊള്ളസങ്കേതമായി ഈ സര്‍ക്കാര്‍മാറി. അണിയറയില്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയാണ്. സിപിഎമ്മുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാനാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം ശ്രമിച്ചത്. അതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുക്കാതിരുന്നത്. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നെന്ന തന്റെ ആരോപണത്തിന് ഇരുവരും മറുപടിപറയാന്‍ തയ്യാറാകാത്തത് അതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Advertisment