കേരളത്തിലെ യുഡിഎഫിൻ്റെ വിജയത്തിനായി മുംബയിലെ കോൺഗ്രസ്സ് പ്രവർത്തകർ അണിനിരക്കുന്നു !

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, April 1, 2021

മുംബൈ: അഞ്ച് വർഷക്കാലം പ്രവാസി മലയാളികളെ പൂർണ്ണമായി അവഗണിക്കുകയും, രാഷ്ട്രീയപരമായ വേർതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്ത എൽഡിഎഫ് ഭരണം തുടരാതിരിക്കാനും ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനും വേണ്ടി മുംബയിലെ കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് എംപിസിസി സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.

കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ, മുംബയിലെ മലയാളികളെ സ്വന്തം ജന്മ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ അവർക്ക് രക്ഷകരായി മാറിയത് മുംബൈയിലെ കോൺഗ്രസ്സ് പ്രവർത്തകരാണ്.

എല്ലാ കാലത്തും മറുനാടൻ മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നത് യുഡിഎഫ് സർക്കാർ മാത്രമായിരുന്നു എന്നും അതുകൊണ്ട് തന്നെ കേരളത്തിൽ യുഡിഎഫിൻ്റെ ഐശ്വര്യകരമായ ഭരണ തിരിച്ചുവരവിനു വേണ്ടി വളരെ വ്യത്യസ്തമായ പുതിയ പ്രചരണപരിപാടികൾക്ക് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി തുടക്കം കുറിച്ചതായും ജോജോ തോമസ് അറിയിച്ചു. ഇതിനായി 101 അംഗ ഇലക്ഷൻ പ്രചരണ സമിതി രൂപികരിച്ചു.

മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുമാരൻ നായർ, ഗോവിന്ദൻ നായർ, ജി.എ. കെ. നായർ, മുംബൈ റീജിയണൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മൊയ്സിൻ ഹൈദർ, സെക്രട്ടറി കിഷോർ മുണ്ടക്കൽ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലുള്ള കോൺഗ്രസ് മലയാളി ഭാരവാഹികൾ കമ്മിറ്റിയിലുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികൾ എൽഡിഎഫ് സർക്കാറിനെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ, തങ്ങളുടെ സമ്മതിദാനാവകാശത്തിലൂടെ നിർവ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോജോ തോമസ് അറിയിച്ചു.

×