/sathyam/media/post_attachments/FBHfwoqosbQQhKD9JNR1.jpg)
''കസേര കളിയില്‍'' ബൈജു കൊല്ലംപറമ്പനെ തോൽപ്പിക്കാനാകില്ല ആന്റോ ജോസേ...!
ഇന്നലെ പാലാ നഗരസഭയിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന കസേരകളിയില്‍ തെളിഞ്ഞതല്ലേ ഇതും. പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ്പടിഞ്ഞാറേക്കര ഏറെ അടുപ്പക്കാർക്കും സുഹൃത്തുക്കൾക്കും "അന്തോണിച്ച "നാണ്. ഇന്നലെ നടന്ന "കസേര കളിയിൽ " ആൻ്റോയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും തമ്മിലുള്ള മത്സരമാണ് കാണികളെ ഏറെ ആകർഷിച്ചത്.
ഓണാഘോഷത്തോടനുബന്ധിച്ച് പാലാ നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വിവിധ മത്സരങ്ങളായിരുന്നു വേദി. കസേര കളിയിലും അവസാനവട്ടം വരെ പിടിച്ചുനിന്നത് പ്രതിപക്ഷ കൗണ്‍സിലര്‍ ജോസിന്‍ ബിനോ.
ചെയര്‍മാന്‍ ആന്റോ ജോസിനെയും തോല്‍പിച്ച് മുന്നോട്ട് കുതിച്ച ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലിനും ഒടുവില്‍ കസേര നഷ്ടമായി....
കസേരകളി മത്സരത്തില്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ക്കൊപ്പം കൗണ്‍സിലര്‍മാരായ ബിജി ജോജോ കുടക്കച്ചിറ, സാവിയോ കാവുകാട്ട്, ജോസിന്‍ ബിനോ, മായ പ്രദീപ് എന്നിവരും പങ്കെടുത്തു. 26 കൗണ്‍സിലര്‍മാരില്‍ ആറുപേര്‍ക്കേ ''കസേരകളി'' യോട് താത്പര്യമുണ്ടായിരുന്നുള്ളൂ. പങ്കെടുത്ത ബാക്കി 11 പേരും മുനിസിപ്പല്‍ ജീവനക്കാരായിരുന്നു. കൗണ്‍സിലര്‍ ക്ലര്‍ക്ക് ബിജോയി മണര്‍കാട്ട് ആയിരുന്നു റഫറി. മറ്റ് മത്സരങ്ങൾ നിയന്ത്രിച്ചതും ഇദ്ദേഹമാണ്.
പത്ത് റൗണ്ടായി നടന്ന കസേര കളി മത്സരത്തില്‍ ഏഴ് റൗണ്ട് വരെ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പിടിച്ചുനിന്നു.
എട്ടാം റൗണ്ടില്‍ പുറത്തായെങ്കിലും ചെയര്‍മാന്‍ പതിവ് ചിരി വിട്ടില്ല. ചെയര്‍മാന്‍ പോയപ്പോള്‍ കൈയുയര്‍ത്തി ആര്‍പ്പ് വിളിച്ച ബൈജുവിനും പക്ഷേ തൊട്ടടുത്ത റൗണ്ടില്‍ കസേര നഷ്ടമായി.
പിന്നീട് കൗണ്‍സിലില്‍ നിന്ന് മത്സരിക്കാനുണ്ടായിരുന്നത് പ്രതിപക്ഷത്തെ കൗണ്‍സിലര്‍ ജോസിന്‍ ബിനോ മാത്രം. ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് വി.വി. ശിവകുമാരിയും എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്യൂണ്‍ രാജി ജോസഫുമായിരുന്നു ജോസിൻ ബിനോയുടെ എതിരാളികള്‍.
ഒമ്പതാം റൗണ്ടില്‍ ജോസിന്‍ ബിനോയ്ക്കും പ്രതീക്ഷിച്ച കസേര കിട്ടിയില്ല.
ഫൈനല്‍ റൗണ്ടില്‍ ശിവകുമാരിയും രാജിയും ഇഞ്ചോടിഞ്ച് പോരാടി. പക്ഷേ കസേര കൊണ്ടുപോയത് ശിവകുമാരി തന്നെ.
സുന്ദരിക്ക് പൊട്ടുകുത്തലും അടിമുടി തമാശ നിറഞ്ഞതായി. കണ്ണുമൂടിക്കെട്ടിയ ബൈജു കൊല്ലംപറമ്പൻ
"സുന്ദരി "യുടെ ചിത്രത്തിന് അടുത്തെങ്ങുമെത്താതെ തപ്പിത്തടഞ്ഞ് വൈസ് ചെയർപേഴ്സൺ സിജി പ്രസാദിൻ്റേയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനുവിൻ്റെയും നേർക്ക് ചെന്നതോടെ പുറകിൽ നിന്ന് ആരുടേയോ കമൻ്റ്; "ഫോട്ടോയിലെ സുന്ദരിക്ക് പൊട്ടുകുത്തിയാ മതിയേ......!!! "
ബോള്‍പാസിംഗ് തുടങ്ങിയ ഒട്ടേറെ മത്സരങ്ങളില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഏറെ ഉത്സാഹത്തോടെ പങ്കെടുത്തു.
"പാലാപ്പള്ളി പുതുപ്പള്ളി...''ക്കൊപ്പം ചുവടുവച്ച വനിതാ ജീവനക്കാരുടെ കിച്ചണ്‍ ഡാന്‍സും തിരുവാതിരകളിയും ഏറെ കയ്യടി നേടി.
പതിവുപോലെ മുനിസിപ്പല്‍ ഡ്രൈവര്‍ ഷാജിയായിരുന്നു മാവേലിമന്നന്റെ വേഷത്തില്‍.
വിജയികള്‍ക്ക് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഓണസദ്യയും ഒരുക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us