സച്ചാർ സമിതി ശുപാർശകൾ പൂർണമായും നടപ്പിലാക്കണം: മുസ്‌ലിം യൂത്ത് കോഡിനേഷൻ

New Update

publive-image

തൃശൂർ:മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ സമിതി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്ന് മുസ്‌ലിം യൂത്ത് കോഡിനേഷൻ ജില്ലാ നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു.

Advertisment

സംസ്ഥാന തലത്തിൽ മുസ്‌ലിം യൂത്ത് കോർഡിനേഷൻ രൂപീകരിച്ചതിനു പിന്നാലെയാണ് തൃശൂർ ജില്ലയിലും മുസ്‌ലിം യുവജന സംഘടനാ നേതാക്കൾ യോഗം ചേർന്നത്.

മുസ്‌ലിം ക്ഷേമ പദ്ധതികൾ ന്യൂനപക്ഷ ക്ഷേമ പദ്ധതികളാക്കി സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കുകയാണ്. ഈ നീതി നിഷേധത്തിനെതിരെ പൊതുമണ്ഡലത്തിൽ നിന്ന് ഒരു പ്രതിഷേധം പോലും ഉയരുന്നില്ല. രാജ്യത്ത് മുസ്‌ലിംകൾ എത്തിനിൽക്കുന്ന സന്നിഗ്ദാവസ്ഥയാണ് ഇത് കാണിക്കുന്നത്. നിശ്ശബ്ദമായി അനീതി നടപ്പാക്കുമ്പോഴും അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയാത്ത വിധം മുസ്‌ലിംകൾ പാർശ്വവൽക്കരിക്കപ്പെടുകയാണെന്നും യോഗം വിലയിരുത്തി.

സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേകം ബോർഡ് രൂപീകരിക്കുക, മുന്നാക്ക - പിന്നാക്ക സ്‌കോളർഷിപ്പുകൾ ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 28 ന് ബുധനാഴ്ച പഞ്ചായത്ത് തലത്തിൽ യൂത്ത് കോർഡിനേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും.

സീതിസാഹിബ് സൗധത്തിൽ ചേർന്ന യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്‌ സി എ മുഹമ്മദ്‌ റഷീദ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുഹമ്മദ് മെഹ്റൂഫ് വാഫി, അബ്ദുൽ സത്താർ ദാരിമി (എസ് കെ എസ് എസ് എഫ് ), എം എ ഫൈസൽ, പി എം അക്ബർ അലി (ഐ എസ് എം), റംഷാദ് സ്വലാഹി, കെ എ ആഷിക്ക്‌ (വിസ്‌ഡം യൂത്ത്), കെ എം സുധീർ (എം ഇ എസ് യൂത്ത്), എം കെ അബ്ദുൽ നജീബ്, എം അബ്ദുൽ അനീസ് (മെക്ക) എന്നിവർ സംസാരിച്ചു.

thrissur news
Advertisment