പാലക്കാട്; മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ഉത്തരവില്‍ സാവകാരശം തേടി സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു. എന്നാല്‍ സാവകാശം അനുവദിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. യൂണിഫോം കളര്‍ കോഡില്‍ അല്ലാത്ത ബസുകള്‍ ഇന്ന് മുതല്‍ ഓടാന്‍ അനുവദിക്കില്ലെന്നും വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡ് നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
യൂണിഫോം കളര്‍ കോഡ് നടപ്പാക്കാന്‍ നേരത്തെ ഡിസംബര്‍ വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലത്തെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒറ്റ ദിവസം കൊണ്ട് പെയിന്റ് മാറ്റിയടിച്ച് സര്‍വീസിന് ഇറങ്ങുക പ്രായോഗികമല്ലന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല. അനധികൃത ലൈറ്റ്, ശബ്ദ സംവിധാനം, രൂപമാറ്റം തുടങ്ങിയവയ്ക്ക് അയ്യായിരത്തില്‍ നിന്ന് പതിനായിരമായി വര്‍ധിപ്പിച്ച പിഴയും ഇന്ന് മുതല്‍ ഈടാക്കും.