നന്മ കുട്ടികൾക്ക് ‘വേനൽക്യാമ്പ്’ സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, യു എസ്
Saturday, July 4, 2020

വേനലവധിക്കാലത്ത്‌ അമേരിക്കയിലെയും കാനഡയിലേയും കുട്ടികൾക്കു നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നൻമ) സംഘടിപ്പിക്കുന്ന ക്യാമ്പ് ജൂലൈ മൂന്നിന് തുടങ്ങും.

നാല് വയസ്സുമുതലുള്ള കുട്ടികളെ അഞ്ചു വിഭാഗങ്ങളായിത്തിരിച്ചു വ്യത്യസ്ത മേഖലകളിലെ ക്ലാസുകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചതാണ് വിജ്ഞാനവും വിനോദവും ചേർന്ന ക്യാമ്പ് .ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രമുഖരായ പരിശീലകരും അദ്ധ്യാപകരുമാണ് ഓരോ സെഷനുകൾക്കും നേതൃത്വം
നൽകുന്നത്.

വ്യക്തിത്വവികസനം,ഇസ്ലാമിക പാഠങ്ങൾ,ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ,കലയും കരകൗശലവിദ്യയും ,പ്രകൃതി-പരിസ്ഥിതി നിരീക്ഷണം,കളികളും വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസ്സുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ഓരോ പ്രായത്തിലുള്ളവർക്കും യോജിച്ച രീതിയിൽ സംവിധാനിച്ച ക്യാമ്പിനു ഇരുനൂറ്റമ്പതോളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.തിങ്കൾ മുതൽ വെള്ളി വരെ പൊതുവായതും ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായും ഉള്ള സെഷനുകൾ കളികളും വിനോദങ്ങളും ചേർത്തു കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര
സംവേദനാത്മകസെഷനുകളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.എട്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ക്യാമ്പ് ആഗസ്റ്റ് മുപ്പതിനാണ് അവസാനിക്കുക. ഡോ. മുഹമ്മദ് അബ്‌ദുൽ മുനീർ നയിക്കുന്ന ക്യാമ്പിൻറെ ഡയറക്ടർ കുഞ്ഞു പയ്യോളിയാണ്.

×