ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ ഈസ്റ്റര്‍ ദിനത്തില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.
/sathyam/media/post_attachments/xH3Sip3IQuzZOUU3DDrc.jpg)
മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണെങ്കില്‍ നല്ല കാര്യമെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍ സന്ദര്‍ശനം തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണെങ്കില്‍ നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
'ലോകം മുഴുവനുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷക്കണക്കിന് ക്രൈസ്തവരെയാണ് റഷ്യയിലും ചൈനയിലുമായി വംശഹത്യ ചെയ്തത്. ഇത് തള്ളികളയാന്‍ സിപിഐഎം തയാറാകുമോ? ചൈനയില്‍ ബിഷപ്പുമാരെ വാഴിക്കുന്നത് മാര്‍പാപ്പയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും രൂപത്തിനു പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെക്കണം എന്ന് പറഞ്ഞവരാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി', വി മുരളീധരന്‍ പറഞ്ഞു.
ഇതേ വിമര്‍ശനം വി മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലും ആവര്‍ത്തിച്ചു. 'വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണ്. കാരണം ലോകത്ത് ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്', വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.