തിരുവനന്തപുരം : കേരളത്തിലെ ലോകസഭാംഗങ്ങളുടെ എം.പി ഫണ്ട് വിനിയോഗത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം സ്ഥാനത്ത് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന്. 6.14 കോടി രൂപയാണ് ആസ്തിവികസന ഫണ്ടിൽ നിന്നും പ്രേമചന്ദ്രൻ ഇതുവരെ ചെലവഴിച്ചതെന്നാണ് കണക്കുകൾ.
ഏറ്റവും പിന്നിൽ കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ.സുധാകരനാണ്. 2.46 കോടി മാത്രമാണ് സുധാകരൻ എം.പി ഫണ്ടിൽ നിന്ന് ചെലവിട്ടത്. പത്തനംതിട്ട എം.പി ആന്റോ ആന്റണിയാണ് എം.പി ഫണ്ട് ചെലവഴിച്ചതിൽ രണ്ടാമത്. 5.07 കോടിയാണ് ആന്റോ ചെലവിട്ടത്.
എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ 3.98 കോടി ചെലവഴിച്ച് സംസ്ഥാനത്ത് എട്ടാം സ്ഥാനത്തുണ്ട്.
കൃത്യമായി പദ്ധതികൾ തയ്യാറാക്കി നൽകി ഫണ്ട് സമയബന്ധിതമായി വാങ്ങിയെടുക്കുന്നതിലും പ്രേമചന്ദ്രനാണ് മുന്നിൽ. പ്രേമചന്ദ്രൻ ഒഴികെ ബാക്കിയെല്ലാവർക്കും 2019,-20, 21,- 22 എന്നീ വർഷങ്ങളിലെ വിഹിതമായ ഏഴ് കോടി വീതമാണ് ലഭിച്ചിട്ടുള്ളത്.
ചെലവിലും മുന്നിലായതിനാൽ പ്രേമചന്ദ്രന് മാത്രം 2022-23ലെ പകുതി ഗഡു കൂടി ലഭിച്ചു. അഞ്ച് കോടി വീതമാണ് ഓരോ വർഷവും ലോക്സഭാംഗത്തിന് ആസ്തി വികസന ഫണ്ടായി ലഭിക്കുക. എന്നാൽ കോവിഡ് കാരണം 2020-21ൽ ഒന്നും ലഭിച്ചില്ല. 21-22ൽ രണ്ട് കോടി മാത്രമാണ് നൽകിയത്.
അതേസമയം ഫണ്ട് വിനിയോഗത്തിലെ കണക്കുകൾ വെറും പ്രഹസനങ്ങൾ ആണെന്ന വിലയിരുത്തൽ ആണ് പ്രധാനം. കെട്ടിടങ്ങൾ, റോഡ് ഉൾപ്പെടെയുള്ള മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കുന്ന എംപിമാർക്ക് പൂർത്തിയായ പദ്ധതികൾ എക്സ്പെൻഡിച്ചർ ലിസ്റ്റിൽ ഉൾപ്പെടുത്തുക ശ്രമകരമാണ്.
അതേസമയം ഹൈമാസ്റ്റ് ലൈറ്റുകൾ , ആംബുലൻസ്, സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള ചെറുകിട പദ്ധതികൾ ആണെങ്കിൽ അത് എക്സ്പെൻഡിച്ചറിൽ ഉൾപ്പെടുത്തുക എളുപ്പമാണ്. കാരണം ടെണ്ടർ ആയാൽ ഉടൻ ഇത്തരം പദ്ധതികളുടെ തുക അനുവദിക്കാൻ കഴിയും.
അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾ ആണെങ്കിൽ ഭരണാനുമതി - സാങ്കേതികാനുമതി - ടെണ്ടർ - പ്രവൃത്തി - ഇൻസ്‌പെക്ഷൻ - എന്നീ കടമ്പകൾ കടന്നാലേ ഫണ്ട് അനുവദിക്കൂ. മാത്രമല്ല നിർമ്മാണ പ്രവർത്തനങ്ങൾ ആണെങ്കിൽ അത് 100 ശതമാനം പൂർത്തിയാക്കിയാൽ മാത്രമേ ഫണ്ട് അനുവദിക്കൂ .
അതിൽ മികച്ച ഉദാഹരണമാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ ഫണ്ട് വിനിയോഗം. നിലവിലെ ലിസ്റ്റിൽ ശ്രീകണ്ഠൻ ഏറ്റവും അവസാനത്തുനിന്ന് രണ്ടാമതാണ്.
പക്ഷേ, ശ്രീകണ്ഠന്റെ എംപി ഫണ്ടിൽ നിന്നും 2 കോടി അനുവദിച്ചു നടക്കുന്ന ഉപയോഗിച്ച് പാലക്കാട് പ്രൈവറ്റ് ബസ്‌റ്റാൻഡ് നിർമ്മാണം, ഓരോ കോടി വീതം ചിലവഴിച്ചു നടക്കുന്ന ഷൊർണ്ണൂർ, മണ്ണാർക്കാട് ആശുപത്രി കെട്ടിടങ്ങൾ എന്നിവ അവസാന ഘട്ടത്തിലാണ്.
നിർമ്മാണം പൂർത്തിയാക്കി രണ്ടോ മൂന്നോ മാസത്തിനകം ഈ 4 കോടി അനുവദിച്ചു കഴിഞ്ഞാൽ ശ്രീകണ്ഠന്റെ ഫണ്ട് വിനിയോഗം 90 ശതമാനത്തിനും മേലാകും. ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ എംപി ഫണ്ട് പദ്ധതികളിൽ ഏറെയും റോഡുകളാണ്. അവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പക്ഷേ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഫണ്ട് അനുവദിക്കൂ.
അതേസമയം ഹൈമാസ്റ്റ് ലൈറ്റും ബസും ആംബുലൻസും വെയ്റ്റിങ് ഷെഡും ഒക്കെ അനുവദിച്ചാൽ രണ്ടോ അങ്ങേയറ്റം മൂന്നോ മാസങ്ങൾ കൊണ്ട് ഇവ സ്ഥാപിച്ചു ഫണ്ട് കൈമാറാം. അത് എക്സ്പെൻഡിച്ചറിൽ ഉൾപ്പെടുത്തി വിനിയോഗത്തിൽ മേനി നടിക്കാം. ഈ ലൈറ്റുകളിൽ പലതും പിന്നീട് എംപിയുടെ പേര് വച്ച ബോർഡുമായി പ്രകാശിക്കാതെ കിടക്കുകയും ചെയ്യും.
ഫണ്ട് വിനിയോഗത്തിലെ വാർത്ത വരുമ്പോൾ തുണ്ട് പദ്ധതികൾക്ക് 'ചില്ലറ ' അനുവദിച്ചു എക്സ്പെൻഡിച്ചറിൽ ഉൾപ്പെടുത്തിയ എംപി മിടുക്കനും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആവിഷ്കരിച്ച എംപിമാർ ഫണ്ട് നഷ്ടപ്പെടുത്തിയവനുമാകും.
എം.പിമാരും ചിലവഴിച്ച തുകയും ഇങ്ങനെ-
എൻ.കെ. പേമചന്ദ്രൻ- 6.14 കോടി, ആന്റോ ആന്റണി 5.07 കോടി, എ.എം. ആരിഫ് 4.92 കോടി, രാജ്മോഹൻ ഉണ്ണിത്താൻ 4.55 കോടി, തോമസ് ചാഴിക്കാടൻ 4.20 കോടി, കെ. മുരളീധരൻ- 4.08 കോടി.
രാഹുൽ ഗാന്ധി 3.98 കോടി, കൊടിക്കുന്നിൽ സുരേഷ് 3.84 കോടി, ഹൈബി ഈഡൻ 3.76 കോടി, രമ്യ ഹരിദാസ് 3.68 കോടി, ഡീൻ കുര്യാക്കോസ് 3.62 കോടി, ബെന്നി ബെഹന്നാൻ 3.54 കോടി, ശശി തരൂർ 3.53 കോടി, ഇ.ടി. മുഹമ്മദ് ബഷീർ 3.07 കോടി, ടി.എൻ. പ്രതാപൻ- 2.99 കോടി, എം.കെ. രാഘവൻ 2.94 കോടി, അടൂർ പ്രകാശ് 2.87 കോടി, വി.കെ. ശ്രീകണ്ഠൻ- 2.51 കോടി, കെ. സുധാകരൻ 2.46 കോടി.