ചൈന കമ്പനിക്ക് ബൈ ബൈ: ബൈജു ‘ടീം ഇന്ത്യയിലേക്ക്’

എസ് . എസ് . അനമുടി
Monday, August 12, 2019

മുംബൈ: മൊബൈൽ വമ്പൻമാരായ ഒപ്പോയെ പിൻതള്ളി മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ‘ബൈജൂസ് ലേണിംഗ് ആപ്പ്’ ടീം ഇന്ത്യയുടെ ടൈറ്റിൽ സ്പോൺസർ ആകുന്നു. ഇപ്പോൾ നടക്കുന്ന വിൻഡീസ് പര്യടനശേഷം സെപ്തംബറിൽ നാട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനം മുതലാണ് ‘ബൈജൂസ്’ ഇന്ത്യയുടെ സ്പോൺസർമാർ ആവുക. കരാർ 2022 മാർച്ച് 31 വരെ ഉണ്ടാകും എന്ന് ബി സി സി ഐ അധികൃതർ അറിയിച്ചു.

മലയാളിയായ ബൈജു രവീന്ദ്രൻ തുടക്കംകുറിച്ച ബൈജുസ് ലേണിംഗ് ആപ്പ് ക്ഷിപ്ര വേഗത്തിലാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഹൃദയം കവർന്നത്. പഠനം ആസ്വാദകരം ആക്കുന്നതിന് ഒപ്പം കഠിനമായ സൂത്രവാക്യങ്ങൾ ലളിതമായി അവതരിപ്പിച്ചു പഠനനിലവാരം ഉന്നതം ആക്കുന്നതിനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ഇതിൽ പങ്കാളി ആയതിനുശേഷം അന്തർദേശീയ തലത്തിലും വൻ സ്വീകാര്യതയാണ് ‘ബൈജൂസ്’ നേടിയത്.

ടീം ഇന്ത്യയുടെ സ്പോൺസർഷിപ്പ് വലിയ അംഗീകാരമായി കരുതുന്നു എന്നും ഇന്ത്യയിലെ കുരുന്നുകൾക്ക് ക്രിക്കറ്റ് നൽകുന്നതു പോലെ പ്രചോദനം ആകുവാൻ ബൈജൂസ് ആപ്പ് ശ്രമിക്കുമെന്നും കമ്പനിയുടെ സി ഇ ഒ ബൈജു രവീന്ദ്രൻ പ്രതികരിച്ചു.

×