മൂന്ന് മാസത്തെ സമ്മർ ജോബ്. കേന്ദ്ര സർക്കാരിന് ഒരു ലക്ഷം ആളുകളെ ആവശ്യമുണ്ട്

പ്രകാശ് നായര്‍ മേലില
Wednesday, May 15, 2019

രാജ്യത്തെ ഏഴാമത്തെ വിശാലവും വിസ്തൃതവുമായ സാമ്പത്തിക സർവേ ഈ ജൂൺ മാസം മുതലാരംഭിക്കുകയാണ്. ഇതിനായി മൂന്നു ലക്ഷം സൂപ്പർവൈസർമാരെയും 9 ലക്ഷം ഫീൽഡ് സർവ്വേയർമാരെയും സർക്കാരിനാവശ്യമുണ്ട്. ജോലി കാലാവധി മൂന്നുമാസം മാത്രം. 8 ലക്ഷം സർവെയർമാരെ തെരഞ്ഞെടുത്ത് അവർക്കു പരിശീലനം നല്കുകയാണിപ്പോൾ. ഇനിയും ഈ ജോലിക്കായി ഒരു ലക്ഷം ആളുകളെ ആവശ്യമുണ്ട്.

വീടുവീടാന്തരം പോയി ഓരോരുത്തരുടെയും തൊഴിലും,വിദ്യാഭ്യാസവും, വരുമാനവും അടങ്ങുന്ന സമ്പൂർണ്ണ വിവരശേഖരണമാണ് നടക്കാൻ പോകുന്നത്. ഇതിനുള്ള ബൃഹത്തായ ചോദ്യാവലി തയ്യാറായിക്കഴിഞ്ഞു.

ഈ കണക്കെടുപ്പിനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ, IT മന്ത്രാലയത്തിന്റെ കീഴിലുള്ള കോമൺ സർവീസ് സെന്ററിനാണ് ( CSC ) നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം വില്ലേജ് ലെവൽ entrepreneur (VLE ) ഈ മേഖലയിൽ നേരത്തേ ജോലിചെയ്യുന്നുണ്ട്. അവർ ഇനി സൂപ്പർവൈസർമാരായി മാറപ്പെടും.

ഇപ്പോൾ ഈ സമ്മർ ജോലി ചെയ്യാനാഗ്രഹിക്കുന്നവർ അതാത് ഏരിയയിലുള്ള VLE മാരുമായാണ് ബന്ധപ്പെടേണ്ടത്.ഉദ്യോഗാർത്ഥികൾക്കുള്ള അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. സർവ്വേ ജോലികൾ മൊബൈൽ ആപ്പ് വഴിയാണ് നടക്കുക. കുറ്റമറ്റ കൃത്യതയുള്ള റിസൾട്ടാണ് സർക്കാർ അതുകൊണ്ടു ലക്ഷ്യമിടുന്നത്.

പ്രതിഫലം ജോലിക്കനുസരിച്ചാണ് ലഭിക്കുക. ഒരു വീട് സർവ്വേ ചെയ്യുന്നതിന് 10 രൂപയും ഒരു ബിസ്സിനസ്സ് സ്ഥാപനത്തിന് 20 രൂപയും വീടും വ്യാപാരസ്ഥാപനവും ചേർന്നുള്ളതിനു 16 രൂപയുമാണ് ലഭിക്കുക.

രാജ്യത്തെ ചെറുതും വലുതുമായ ബിസ്സിനസ്സ് സ്ഥാപനങ്ങളിലും കാർഷിക തൊഴിൽ മേഖലകളിലും ജോലിചെയ്യുന്ന അസംഘടിതരായ എല്ലാ തൊഴിലാളികളും ഈ സർവ്വേയിൽ ഉൾപ്പെടുന്നതോടെ അവർക്കെല്ലാം പ്രത്യേക യുണിക്ക് നമ്പർ നൽകാനാണ് പദ്ധതിയിടുന്നത്. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ അവർക്ക് ഇതുവഴി ലഭ്യമാകും.

×