സുസ്ഥിര യാത്രകളുടെ പ്രാധാന്യം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ് ഈ വർഷത്തെ ദേശീയ വിനോദ സഞ്ചാര ദിനം. രാജ്യത്തിന്‍റെ വൈവിവിധ്യങ്ങളുടെയും ഭൂപ്രകൃതിയുടെയും മാത്രമല്ല, ഐതിഹാസികമായ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഒക്കെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം നമുക്ക് നല്കുന്നത്. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഊ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്
'സുസ്ഥിര യാത്രകളും കാലാതീതമായ ഓര്‍മകളും' എന്നതാണ് ഈ വർഷത്തെ ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. ഒരു ജീവിതത്തിൽ കണ്ടുതീർക്കാൻ സാധിക്കാത്തത്രയും സ്ഥലങ്ങളുണ്ടെങ്കിലും സാധിക്കുന്ന വിധത്തിൽ നമ്മുടെ നാട്ടിലെ കാഴ്ചകൾ കണ്ടറിയേണ്ടുന്നതിന്‍റെ പ്രാധാന്യം.
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് രാജ്യം ദേശീയ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. വിനോദസഞ്ചാരം ആഘോഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദിനമാണിത്. ഇന്ത്യയെ ഒരു പ്രധാന ട്രാവൽ ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യവ്യാപകമായി ആഘോഷങ്ങൾ സംഘടിപ്പിക്കുകയെന്നത് ഈ ദിവസത്തെ ചടങ്ങുകളിലൊന്നാണ്.
യാത്രകൾ ചെയ്യേണ്ടതിന്‍റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നതിനൊപ്പം ഇത്തരം യാത്രകൾ എന്തുകൊണ്ട് സുസ്ഥിരവും പ്രകൃതിസൗഹൃദവും ആയിരിക്കണമെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ വർഷത്തെ തീം. നമ്മുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാകുന്ന വിധത്തിൽ യാത്രകളിൽ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകൾ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ തീം ഊന്നിപ്പറയുന്നത്. അതേസമയം വിനോദയാത്രകൾ അറിഞ്ഞും അല്ലാതെയും പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാനും ഈ തീം നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിക്ക് നല്കുന്ന ആഘാതത്തിൽ നിന്നും മാറിനിന്ന്, പരിസ്ഥിതി സൗഹൃദമായി ചിന്തിച്ചാൽ മാത്രമേ ഇനിയുള്ള യാത്രകൾക്ക് അർത്ഥമുണ്ടാവുകയുള്ളൂ. കുറഞ്ഞ കാർബൺ ഫൂട്പ്രിന്‍റുകൾ അവശേഷിപ്പിക്കുമ്പോൾ മാത്രമേ യാത്രകൾ അർത്ഥവത്താകുകയുള്ളൂ.