അമരാവതി: വന്ദേ ഭാരത് എക്‌സ്‌പ്രസിനുനേരെ വീണ്ടും ആക്രമണം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവച്ചാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് ട്രെയിനിനുനേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്.
കല്ലേറിനെത്തുടർന്ന് ട്രെയിനിന്റെ സി 8 കോച്ചിന്റെ ഗ്ളാസുകൾ തകർന്നതിനാൽ രാവിലെ 5.45ന് വിശാഖപട്ടണത്തുനിന്ന് തിരിക്കേണ്ട ട്രെയിൻ 9.45നാണ് യാത്ര തുടങ്ങിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസിടിവികൾ പരിശോധിക്കുകയാണെന്നും അക്രമികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉടൻ പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലും വന്ദേ ഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായി. 19ന് പ്രധാനമന്ത്രി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കേയാണ് കാഞ്ചരപാലത്തിന് സമീപത്തുവച്ച് കല്ലേറുണ്ടായത്. തുടർന്ന് ട്രെയിനിന്റെ രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാരിപാലത്തെ കോച്ച് മെയിന്റനന്‍സ് സെന്ററിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.