കോട്ടയം: നൂറിലധികം വ്യത്യസ്തമാർന്ന രുചികൾ, നാൽപതിലധികം ജ്യൂസുകൾ... നാവിനും മനസ്സിനും രുചി പകർന്ന് കുടുംബശ്രീയുടെ മെഗാ ഭക്ഷ്യമേള. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ അരംഭിച്ച മെഗാ ഭക്ഷ്യമേളയിൽ ആദ്യദിവസം തന്നെ വൻ ജനപങ്കാളിത്തമാണുണ്ടായത്.
/sathyam/media/media_files/2025/04/24/QbTOjHVkAgdCmaVeQkL7.jpg)
വ്യത്യസ്തമാർന്ന രുചി വിഭവങ്ങളാൽ സമൃദ്ധമായ മേളയിൽ കോട്ടയത്തിന്‍റെ സ്വന്തം കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം 'ഏഷ്യാഡും' താരങ്ങളാണ്. കോഴിക്കോടൻ രുചി വിഭവങ്ങളും ഇവിടെയിടം പിടിച്ചിട്ടുണ്ട്. ഒരേ സമയം ഇരുനൂറോളംപേർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്.
/sathyam/media/media_files/2025/04/24/dmt0mQASbmx3KZzBYRxm.jpg)
പത്ത് സ്റ്റാളുകളിലായി വിവിധ തരം പായസങ്ങൾ, സ്നാക്സുകൾ, ബിരിയാണികൾ, ചിക്കൻ വിഭവങ്ങൾ എന്നിവയും ലഭ്യമാണ്. നാഗമ്പടം മൈതാനത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ നാടൻ രുചികൾക്കും പ്രിയമേറും.
ഇക്കുറിയും തരംഗമാകും വനസുന്ദരി
ഭക്ഷ്യമേളയിൽ ഹിറ്റായി വനസുന്ദരി ചിക്കൻ. കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേളയിലാണ് ഇത്തവണയും കാടിറങ്ങി വനസുന്ദരി എത്തിയത്. രുചി മാത്രമല്ല വനസുന്ദരിയുടെ സവിശേഷത, ആരോഗ്യപരമായ ഗുണങ്ങളുമാണ്. പച്ചക്കുരുമുളകും കാന്താരിയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി തയ്യാർ. കുടുംബശ്രീയുടെ വൻ ഹിറ്റായ വനസുന്ദരി ഇത്തവണയും മേളയെ കീഴടക്കും