ലണ്ടന്‍: യുകെയിലേയ്ക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനും രാജ്യത്തെ വിദഗ്ധരായ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി യുകെ സര്‍ക്കാര്‍. ചൊവ്വാഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 2025 മേയ് മാസത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ "ഇമിഗ്രേഷന്‍ സംവിധാനത്തിലുള്ള നിയന്ത്രണം പുന:സ്ഥാപിക്കുക'എന്ന ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഇത് കുടിയേറ്റക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ജൂലൈ15 മുതല്‍ യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ മാറ്റങ്ങളില്‍ ഒന്നായ ഇ~വിസ പ്രാബല്യത്തിലാകും. ഫിസിക്കല്‍ വിസ സ്ററിക്കറുകള്‍ ഇല്ലാതാകുകയും പകരം യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പറുമായി ബന്ധിപ്പിച്ച ഓണ്‍ലൈന്‍ വിസ സംവിധാനം നിലവില്‍ വരികയും ചെയ്യും. അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാനും അനധികൃത കുടിയേറ്റം തടയാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇ~വിസ സംവിധാനം പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും ഉപകരിക്കും.
സ്കില്‍ഡ് വര്‍ക്കര്‍ വിസകള്‍ക്കുള്ള നൈപുണ്യ പരിധി ഉയര്‍ത്താനുളള തീരുമാനത്തിലാണ് യുകെ സര്‍ക്കാര്‍. നിലവില്‍ അംഗീകൃത പട്ടികയിലുള്ള 111 തൊഴിലുകള്‍ ഒഴിവാക്കും. 2024 ഏപ്രില്‍ മുതല്‍ സ്കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷകള്‍ക്ക് 41,700 പൗണ്ട് എന്ന മിനിമം വരുമാന മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ജൂലൈ മാസം മുതല്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരും. ബിരുദം ആവശ്യമില്ലാത്ത ജോലികള്‍ക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും.
വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഒന്നായ യുകെയുടെ കെയര്‍ മേഖലയിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടു വരികയാണ്. 2025 ജൂലൈ 22 മുതല്‍ ഈ മേഖലകളില്‍ വിദേശികളെ നിയമിക്കുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കും. സര്‍ക്കാരിന്‍റെ ധവളപത്രം അനുസരിച്ച് തൊഴിലുടമകള്‍ക്ക് ഇനി വിദേശത്തു നിന്നും തൊഴിലാളികളെ കെയര്‍ മേഖലയിലേയ്ക്ക് നിയമിക്കാന്‍ സാധിക്കില്ല. എന്നാല്‍, 2025 ജൂലൈ 22 നു മുമ്പ് പരിചരണ മേഖലകളില്‍ റിക്രൂട്ട് ചെയ്തിട്ടുള്ള അപേക്ഷകരെ ഈ നിയമം ബാധിക്കില്ല.
യുകെയില്‍ വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള നടപടികളും കൂടുതല്‍ കര്‍ശനമാക്കും. നിലവില്‍ അഞ്ചു വര്‍ഷമായിരുന്ന സ്ഥിരതാമസത്തിനുള്ള യോഗ്യതാ കാലയളവ് പത്തു വര്‍ഷമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.