ദമ്മാം: സ്പോൺസർ ഉപേക്ഷിച്ചതിനാൽ, ജോലി ചെയ്തിരുന്ന വീട്ടിൽ ഏറെ ദുരിതത്തിലായി കഴിഞ്ഞിരുന്ന മലയാളിയായ വീട്ടുജോലിക്കാരിയ്ക്ക് സംരക്ഷണമൊരുക്കി നവയുഗം ജീവകാരുണ്യവിഭാഗം.
/sathyam/media/post_attachments/Uets3qxSTTzX9At4Mt0A.jpg)
മഞ്ജു മണിക്കുട്ടൻ നസീമയോടൊപ്പം.
മലപ്പുറം സ്വദേശിനി നസീമയാണ് ദുരിതങ്ങൾ നിറഞ്ഞ ജോലിസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. പത്തു മാസങ്ങൾക്ക് മുൻപാണ് നസീമ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിയ്ക്ക് എത്തിയത്. ആദ്യമൊന്നും പ്രശ്‍നങ്ങൾ ഇല്ലായിരുന്നു. എന്നാൽ ക്രമേണ വഴക്കും, കുറ്റപ്പെടുത്തലുകളും, അമിതമായ ജോലിഭാരവും, വിശ്രമം ഇല്ലാത്ത അവസ്ഥയുമൊക്കെയായി ജീവിതം ബുദ്ധിമുട്ടിൽ ആയി.
കൊറോണ രോഗത്തിന്റെ പ്രതിസന്ധി സൗദിയിൽ ഉണ്ടായ കാലത്ത്, റിയാദിൽ നിന്നും സ്‌പോൺസറുടെ മകൾ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. നസീമയെ ഇഷ്ടപ്പെടാത്ത മകൾ, സ്ഥിരമായി വഴക്കും, ദേഹോപദ്രവവും ചെയ്യാൻ തുടങ്ങിയതായി നസീമ പറയുന്നു. ഒടുവിൽ "നിന്നെ ഇവിടെ ജോലിയ്ക്ക് വേണ്ട" എന്ന് പറഞ്ഞു കൊണ്ട്, നസീമയെ വീട്ടിൽ നിന്നും പുറത്തുള്ള ഒരു ചെറിയ മുറിയിൽ കൊണ്ട് തള്ളി. ഉറങ്ങാൻ പോലും സൗകര്യങ്ങൾ ഇല്ലാത്ത ആ മുറിയിൽ, ശരിയ്ക്കും ആഹാരം പോലും ലഭിയ്ക്കാത്ത അവസ്ഥയായി, നസീമയുടെ ജീവിതം ഏറെ ദുരിതമായി. .
ചില സുഹൃത്തുക്കളുടെ നിർദ്ദേശമനുസരിച്ച്, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിലൂടെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചതാണ് നസീമയ്ക്ക് രക്ഷയായത്. തുടർന്ന് മഞ്ജുവിന്റെയും, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന്, കർഫ്യൂ ഉള്ള സമയമായതിനാൽ പോലീസിന്റെ പ്രത്യേക അനുമതി വാങ്ങി, നസീമയെ ആ വീട്ടിൽ നിന്നും ദമ്മാം പോലീസ് സ്റ്റേഷനിലും, പിന്നീട് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും എത്തിച്ചു. അവിടന്ന് ജാമ്യത്തിൽ എടുത്ത്, മഞ്ജുവിന്റെ സംരക്ഷണയിലാണ് ഇപ്പോൾ നസീമ തങ്ങുന്നത്.
നസീമയുടെ സ്പോണ്സറെയും ഏജന്റിനെയും ബന്ധപ്പെട്ട് തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പുകൾ ജീവകാരുണ്യവിഭാഗം നടത്തി വരുന്നു. ലോക്ക്ഡൌൺ കാലാവധി കഴിഞ്ഞു വ്യോമഗതാഗതം പുനഃരാരംഭിച്ചു കഴിഞ്ഞിട്ട് അതിനുള്ള കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us