ഇന്ത്യൻ ജനതയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് കർഷകർ തെരുവിൽ പൊരുതുന്നത് : ബിനോയ് വിശ്വം.

New Update

ദമ്മാം: സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമല്ല, ഇന്ത്യക്കാരുടെ മുഴുവൻ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും കൂടി വേണ്ടിയാണ്, കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾ ക്കെതിരെ, ഇന്ത്യൻ കർഷകർ ഡൽഹിയിലെ കൊടുംതണുപ്പത്തും തെരുവുകളിൽ സമരം നടത്തുന്നതെന്ന് രാജ്യസഭാഎംപിയും, സിപിഐ ദേശീയനിർവ്വാഹക സമിതി അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു.

Advertisment

publive-image

നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച, "അന്നദാതാക്കളുടെ ജീവിതപോരാട്ടത്തിന് പ്രവാസലോകത്തിന്റെ പിന്തുണ" എന്ന പ്രമേയം ചർച്ച ചെയ്ത ഓൺലൈൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് നൽകിവരുന്ന വിവിധ സബ്‌സിഡികളും, ആനുകൂല്യങ്ങളും നിർത്തലാക്കി, അവരെ പൂർണ്ണമായും സ്വകാര്യ കുത്തക മുതലാളിത്വത്തിന്റെ ചൂഷണത്തിന് വിട്ടു കൊടുക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ പുതുതായി നടപ്പാക്കിയ കാർഷിക നിയമഭേദഗതികളുടെ അടിസ്ഥാനം.

ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിയ്ക്കുന്ന സ്വകാര്യ കുത്തക കമ്പനികളുടെ കൈവശം ഇന്ത്യയിലെ ഭക്ഷ്യധാന്യ സംഭരണത്തിന്റെയും, വില്പനയുടെയും നിയന്ത്രണം എത്തിച്ചേരുന്ന തോടെ, പാവങ്ങളുടെ ആശ്രയമായ പൊതുവിതരണ റേഷൻ സമ്പ്രദായത്തിന്റെ കടയ്ക്കലും കത്തി വീഴും. കൊറോണക്കാലത്ത് ഇന്ത്യയിലെ കോടിക്കണക്കിനു പാവപ്പെട്ട മനുഷ്യരെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് റേഷൻ സമ്പ്രദായം ആണ്.

ആ ഭക്ഷ്യസുരക്ഷയാണ് കേന്ദ്രസർക്കാരിന്റെ മുതലാളിത്ത അനുകൂല നിയമഭേദഗതികൾ മൂലം ആത്യന്തികമായി തകരാൻ പോകുന്നത്. അംബാനിയുടെയും, അദാനിയുടെയും കമ്പനികൾക്ക് ഇന്ത്യൻ കാർഷിക മേഖലയിൽ സ്വാധീനം വർദ്ധിപ്പിയ്ക്കാനും, കർഷകരെ ചൂഷണം ചെയ്യാനും അവസരമൊരുക്കാനും വേണ്ടിയാണ് നരേന്ദ്ര മോഡി സർക്കാർ,

publive-image

കൊറോണബാധയുടെ ഈ ദുരിതകാലത്തും ഇന്ത്യൻ ഭരണഘടനയ്ക്കും, ഫെഡറൽ സംവിധാന ങ്ങൾക്കും, പാർലമെന്ററി ചട്ടങ്ങൾക്കും വിരുദ്ധമായി ഈ കാർഷിക നിയമഭേദഗതികൾ കൊണ്ടുവന്ന് പാസ്സാക്കിയെടുത്തതെന്ന് അദ്ദേഹം വിമർശിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ അദ്ധ്യക്ഷനായ സെമിനാറിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചു പി.പി.റഹീം (ന്യൂഏജ് ജിദ്ദ), രഞ്ജിത് (നവോദയ), മുഹമ്മദ് സാലി (ന്യൂഏജ് റിയാദ്), മുഫീദ് (ഐ.എം.സി.സി), ഉണ്ണി മാധവം (നവയുഗം അൽഹസ്സ), അഷറഫ് (നവയുഗം ജുബൈൽ) എന്നിവർ സംസാരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ സ്വാഗതവും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പുത്തൻ കാർഷിക നിയമഭേദഗതികൾക്കെതിരെ ഇന്ത്യൻ കർഷകർ രാജ്യത്താകമാനം നടത്തുന്ന സമരപോരാട്ടങ്ങൾക്ക് പ്രവാസലോകത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് സെമിനാര് അവസാനിച്ചു. സൂം ആപ്പ്ളിക്കേഷനിൽ നടന്ന സെമിനാർ ഫേസ്ബുക്കിലും ലൈവ് ആയിരുന്നു.

Advertisment