സിനിമതാരങ്ങളായ ഇർഫാൻ ഖാന്റെയും, ഋഷി കപൂറിന്റെയും, ഫുട്ബാൾ ഇതിഹാസം ചുനി ഗോസ്വാമിയുടെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.

New Update

ദമ്മാം: ബോളിവുഡ് സിനിമാപ്രവർത്തകരായ ഇർഫാൻ ഖാന്റെയും, ഋഷി കപൂറിന്റെയും, ഇന്ത്യൻ ഫുട്ബാൾ ഇതിഹാസതാരമായ ചുനി ഗോസ്വാമിയുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി, കായികവേദി കേന്ദ്രകമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

മികച്ച രണ്ടു അഭിനേതാക്കൾ 24 മണിക്കൂറിനുള്ളിൽ മരണമടഞ്ഞ ഏറെ ദുഃഖകരമായ അവസ്ഥയാണ്, ഇർഫാൻ ഖാന്റെയും, ഋഷി കപൂറിന്റെയും നിര്യാണത്തിലൂടെ ബോളിവുഡ് നേരിട്ടത്. നിത്യഹരിതനായകനായി നാൽപതു വർഷത്തിലധികം നിറഞ്ഞു നിന്ന അഭിനയ സപര്യയാണ് ഋഷി കപൂറിന്റേത്. ഒരു തലമുറയെ തന്റെ ഊർജ്ജമേറിയ അഭിനയസിദ്ധിയിലൂടെ മയക്കിയ അദ്ദേഹം, നിർമ്മാതായും, സംവിധായകനായും ഹിന്ദി സിനിമയ്ക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്.

ബോളിവുഡും കടന്ന് ഹോളിവുഡിൽ വരെ വിജയക്കൊടി നാട്ടി ഇന്ത്യയ്ക്ക് അഭിമാനമായ അഭിനയപ്രതിഭയായിരുന്നു ഇർഫാൻ ഖാൻ. കച്ചവടസിനിമയിലും, സമാന്തര സിനിമയിലും അദ്ദേഹം ഒരുപോലെ തന്റെ കഴിവ് തെളിയിച്ചു. മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ രണ്ടു മഹാപ്രതിഭകളുടെയും നിര്യാണത്തിൽ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബാളിൽ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന ചുനി ഗോസ്വാമി, ഏഷ്യന്‍ ഗയിംസില്‍ 1964ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ റണ്ണർഅപ്പ് ആക്കിയശേഷം ഫുട്ബാളിനോട് വിടപറഞ്ഞു.

പിന്നീട് ഫസ്റ്റ് ക്‌ളാസ്സ്ക്രിക്കറ്റിൽ സജീവമായ അദ്ദേഹം ബംഗാൾ രഞ്ജി ടീമിന്റെ ക്യാപ്റ്റനായി. പത്മശ്രീ, അര്‍ജുന അവര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ നിര്യാണം, ഇന്ത്യൻ കായികചരിത്രത്തിലെ ഒരു സുവർണ്ണ ഇതിഹാസത്തിനാണ് തിരശ്ശീല വീഴ്ത്തിയതെന്ന് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു.

Advertisment