ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു നവയുഗം ക്യാമ്പയിനുകൾ സംഘടിപ്പിക്കും

New Update

ദമ്മാം: നരേന്ദ്രമോഡി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യയിലെ കർഷകർ നടത്തുന്ന അവകാശപോരാട്ടത്തിന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

Advertisment

publive-image

ഇന്ത്യയിലെ കർഷകന് താങ്ങായി നിലവിലുള്ള താങ്ങുവില സമ്പ്രദായം എടുത്തുകളഞ്ഞ്, അംബാനിയെയും അദാനിയേയും പോലുള്ള കുത്തക മുതലാളിമാർക്ക്, കാർഷികോത്‌പന്നങ്ങൾ ചുരുങ്ങിയവിലയ്ക്ക് കൈക്കലാക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോഡി സർക്കാർ പുതിയ കാർഷിക നിയമങ്ങൾ കൊണ്ട് വന്നിട്ടുള്ളത്. അദാനിയുടെയും അംബാനിയുടെയും പക്ഷമാണ്‌ നരേന്ദ്ര മോഡി "മൻ കി ബാത്തി"ൽ പോലും പറയുന്നത്‌.

രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവരുടെ അഭിപ്രായം പോലും ചോദിയ്ക്കാതെ, ഭരണഘടനാപരമായ നടപടിക്രമം ലംഘിച്ചാണ്‌ പാർലമെന്റിൽ മോഡി സർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയത്.

പാവപ്പെട്ട കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് വിട്ടു കൊടുക്കുന്ന നിയമങ്ങളാണ് ഇവ. കര്ഷകന് ലഭിയ്‌ക്കേണ്ട മിനിമം താങ്ങുവില ഇല്ലാതാക്കി, കുത്തക മുതലാളിമാർ നിശ്ചയിക്കുന്ന വിലയ്ക്ക് കാർഷികോത്‌പന്നങ്ങൾ വിൽക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. പോരാട്ടം കർഷകരുടെ നിലനിൽപ്പിനായുള്ള സമരമാണ്.

ഇത്രയും അടിച്ചമർത്തൽ ശ്രമങ്ങൾ ഉണ്ടായിട്ടും, മൂന്ന്‌ കാർഷികനിയമവും പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നതും അത് കൊണ്ട് തന്നെയാണ്. കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ കർഷകരെയും, തൊഴിലാളിക ളെയും  അടിച്ചമർത്താൻ ശ്രമിക്കുകയാണ്.

കർഷകരുടെ ജീവിതസമരം ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും ഉപയോഗിച്ച്‌ തകർക്കാനാകില്ല. പൊരുതുന്ന കർഷകർക്കും, തൊഴിലാളികൾക്കും പ്രവാസലോകം പൂർണ പിന്തുണ നൽകും.

രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ കാർഷിക നയങ്ങൾ പിൻവലിച്ചു, കർഷക സമരം അവസാനിപ്പിയ്ക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരണം. നവയുഗത്തിന്റെ വിവിധ സംഘടനാകമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാടിസ്ഥാനത്തിൽ കർഷകസമരത്തിന് പ്രവാസികളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിയ്ക്കുമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രപ്രസ്താവനയിൽ പറഞ്ഞു.

Advertisment