ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘നെട്രിക്കണ്‍’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

ഫിലിം ഡസ്ക്
Wednesday, July 21, 2021

തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘നെട്രിക്കണ്‍’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം നിര്‍വഹിക്കുന്ന നെട്രിക്കണ്‍. അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് പുറത്തുവിട്ടിരുന്നത്. അജ്മല്‍ അമീറും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായി എത്തുകയാണ്.

ആര്‍.ഡി രാജശേഖറാണ് ഛായാഗ്രഹകന്‍. ലോറന്‍സ് കിഷോര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന നെട്രിക്കണ്ണിന്റെ കലാസംവിധായകന്‍ കമലനാഥനും സംഗീത സംവിധായകന്‍ ഗിരീഷുമാണ്.

×