ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ എന്തുകൊണ്ട് പൊതു വിഷയങ്ങളില്‍ ഇടപെടുകയോ രാഷ്ട്രീയം സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ നസിറുദ്ധീന്‍ ഷാ. രാഷ്ട്രീയം സംസാരിക്കുകയാണെങ്കില്‍ അവര്‍ക്കൊക്കെ ഒരുപാട് നഷ്ടപ്പെടാനുണ്ടെന്നായിരുന്നു നസിറുദ്ധീന്‍ ഷായുടെ മറുപടി. എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
Advertisment
രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം തുറന്ന് പറയുന്ന അപൂര്‍വം ബോളിവുഡ് അഭിനേതാക്കളില്‍ ഒരാളാണ് നസിറുദ്ദീന്‍ ഷാ. ഭരിക്കുന്ന പാര്‍ട്ടിയാണെന്ന് നോക്കിയോ കൊടിയുടെ നിറം നോക്കിയോ അല്ല അദ്ദേഹം പലപ്പോഴും തന്റെ വിമര്‍ശനങ്ങള്‍ പങ്കുവെക്കാറുള്ളത്. ബോളിവുഡ് താരങ്ങളില്‍ പലരും പൊതു വിഷയങ്ങളില്‍ ഇടപെടുകയോ രാഷ്ട്രീയം പറയുകയോ ചെയ്യുന്നില്ലെന്ന വിമര്‍ശനം ഏറെ കാലങ്ങളായുള്ളതാണ്.
''എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ നില്‍ക്കുന്നിടത്തല്ല ഞാന്‍ നില്‍ക്കുന്നത്. വളരെ അപകടം പിടിച്ചതാണെന്ന് തോന്നിയിട്ടായിരിക്കണം. പക്ഷേ സ്വന്തം മനസാക്ഷിയെ അവര്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. അവര്‍ക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട്. അതുകൊണ്ടായിരിക്കണം, അവര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാത്തത്ത'', ബോളിവുഡ് ഖാന്‍മാരെ ലക്ഷ്യംവെച്ച് നസിറുദ്ധീന്‍ ഷാ വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീന്‍ ഷാ കൂടുതല്‍ വിശദമാക്കിയത്. ''ഷാരൂഖ് ഖാന് സംഭവിച്ചതും എത്ര മാന്യമായാണ് അദ്ദേഹം അതിനെ നേരിട്ടതെന്നും നമ്മള്‍ കണ്ടതാണ്. അതൊരു വേട്ടയായിരുന്നു. ഷാരൂഖ് ഒന്നും സംസാരിച്ചതേയില്ല. സോനു സൂദിനും റെയ്ഡ് നേരിടേണ്ടി വന്നു. ആരും അതെക്കുറിച്ച് പ്രസ്താവനകള്‍ ഇറക്കിയില്ല. എനിക്കറിയില്ല, അടുത്തയാള്‍ ഞാന്‍ ആയിരിക്കാം''- നസിറുദ്ദീന്‍ ഷാ പറഞ്ഞു.