Advertisment

സ്‌നേഹം ഉള്‍ക്കരുത്താക്കി നേഹാ അയ്യന്‍

New Update

ഓര്‍ക്കാപ്പുറത്തെത്തിയ തിരിച്ചടിയെ ഉള്‍ക്കരുത്ത് കൊണ്ട് നേരിട്ട നടി നേഹാ അയ്യര്‍ എല്ലാ സ്ത്രീകള്‍ക്കും ശക്തമായ മാതൃകയാണ്.

Advertisment

publive-image

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുണ്ടെന്ന സന്തോഷമറിഞ്ഞ് അഞ്ചാമത്തെ ദിവസമായിരുന്നു ഭര്‍ത്താവ് അവിനാഷ് അപ്രതീക്ഷിതമായി ജീവിതത്തില്‍നിന്നു യാത്ര പറഞ്ഞത്.

നേഹയുടെ ഭാഷയില്‍ പ്രിയപാതിയുടെ മരണം വിശ്വസിക്കാന്‍ പോലും കഴിയാതെ തന്നിലേക്കു തന്നെയുള്ള എല്ലാ വാതിലുകളും അടച്ചു കളഞ്ഞ്, കണ്ണീരില്‍ ജീവിച്ച കുറേ ദിവസങ്ങള്‍. പിന്നീട് വളരെ പാടുപെട്ടാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇന്നിപ്പോള്‍ അമ്മയോടു ചേര്‍ന്നിരിക്കുന്ന അന്‍ഷിന്റെ ചിരി കാണുമ്പോള്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്ന് സ്വയം ഓര്‍മ്മിപ്പിക്കുക കൂടിയാണ് അവര്‍.

ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം ജീവിതത്തിലെന്നെന്നും മറക്കാന്‍ കഴിയാത്തതാണ്. ഞാനും അവിനാഷും ഒന്നും പറയാനാവാതെ ഏറെ നേരം പരസ്പരം നോക്കി നിന്നു. ഞങ്ങള്‍ കരയുകയായിരുന്നു, സന്തോഷം കൊണ്ടായിരുന്നു ആ കണ്ണീര്‍ നിയന്ത്രിക്കാനാവാതെ പ്രവഹിച്ചു കൊണ്ടിരുന്നത്.

എട്ടുവര്‍ഷമായി ഞങ്ങള്‍സുഹൃത്തുക്കളായിരുന്നു. ആറുവര്‍ഷമായി ദമ്പതികളും. ഒരു കുഞ്ഞ് ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിനായാണ് ഞങ്ങള്‍ ജീവിച്ചത്, കാത്തിരുന്നത്. ഏറെ പ്രയാസം നിറഞ്ഞതായിരുന്നു ആ കാലം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒടുവില്‍ ഞങ്ങള്‍ ഒന്നിച്ചു കണ്ട സ്വപ്നം സഫലമായത് ആനന്ദകണ്ണീരോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കുഞ്ഞ് വരാന്‍ പോകുന്നുവെന്നറിഞ്ഞ് കൃത്യം അഞ്ചാം ദിവസം അവിനാഷ് എന്നെ തനിച്ചാക്കി പോയി.

പതിവുപോലെ ടേബിള്‍ ടെന്നീസ് കളിക്കാന്‍ പോയതായിരുന്നു അവിനാഷ്. കുറച്ചു കഴിഞ്ഞപ്പോഴാണ് കളിക്കിടയില്‍ വീണുവെന്നും പറഞ്ഞ് ഒരു ഫോണ്‍ കാള്‍ വന്നത്. ആശുപ്രതിയിലെത്തും മുമ്പേ അവിനാഷ് പോയിരുന്നു. ഹൃദയാഘാതമായിരുന്നു. അവിനാഷ് യുവാവായിരുന്നു, സ്പോര്‍ട്സിനോട് അത്ര പ്രിയമുള്ളയാള്‍, നല്ല ആരോഗ്യവാന്‍. എന്നിട്ടും അത് സംഭവിച്ചു.

അവിനാഷിന്റെ വിയോഗം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ജീവിക്കുന്നുണ്ടോ, അതോ മരിച്ചോ എന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത്രം മാത്രം ജീവിതത്തില്‍ കൂട്ടായിരുന്ന ഒരാളെയാണ് പെട്ടെന്ന് ഒരു ദിവസം കാണാതാവുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. ഭീകരമായ ദിവസങ്ങളായിരുന്നു പിന്നീട് എന്നെ കാത്തിരുന്നത്. ഞാന്‍ ഒരു മുറിയ്കക്കത്ത് എന്നെ തന്നെ സ്വയം പൂട്ടിയിട്ടു. ആരെയും കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല.

സുഹൃത്തുക്കള്‍ക്കു നേരെ മുഖം തിരിച്ചു. ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചു. അവിനാഷ് ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് സത്യത്തില്‍ എനിക്കറിയില്ലായിരുന്നു. കരഞ്ഞുകരഞ്ഞ് തളര്‍ന്നു. ഭക്ഷണം പോലും വേണ്ടായിരുന്നു. ഉള്ളിലുള്ള ജീവനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്നെ തന്നെ വെറുത്തു.

publive-image

എവിടെയായിരുന്നാലും അവിനാഷ് എന്നെ കാണുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടാവണം പതിയെ പതിയെ മനസിന് ശക്തി ലഭിച്ചു. മൂന്നുവര്‍ഷം മുമ്പ് എന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു. അമ്മയില്ലാതെ എങ്ങനെ ഞാന്‍ ജീവിതം മറികടന്നെന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു. പതിയെ വിഷാദത്തില്‍ നിന്നും പുറത്തേക്ക് കടന്നു.

കുഞ്ഞിന് വേണ്ടി ഞാന്‍ ജീവിക്കേണ്ടിയിരുന്നു. സന്തോഷങ്ങളെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തി. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചു, വായിച്ചു, മെഡിറ്റേറ്റ് ചെയ്തു. ആ കാത്തിരിപ്പിനൊടുവില്‍ അവിനാഷിന്റെ പിറന്നാള്‍ ദിവസത്തില്‍ തന്നെ അതേ ചിരിയും കുസൃതിക്കണ്ണുകളുമായി ഞങ്ങളുടെ പൊന്നുമോന്‍ അന്‍ഷ് എന്റെ കൈകളിലെത്തി. അവിനാഷിനെ തിരിച്ചു കിട്ടിയതു പോലെ എനിക്കു തോന്നി. അവനുവേണ്ടി ജീവിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അവിനാഷ് പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇന്നും സങ്കടങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ, ഞാന്‍ അത് ധീരമായി നേരിടുന്നു.

അവിനാഷിനൊപ്പമുള്ള ഓരോ നിമിഷത്തെയും ചേര്‍ത്തുപിടിച്ചു. അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഞാന്‍ പതറും. പക്ഷേ, അന്‍ഷിന്റെ പുഞ്ചിരി കാണുമ്പോള്‍ അതെല്ലാം മറക്കും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളതും അതാണ്, ഇരുട്ട് വളരെ പെട്ടെന്നാണ് ജീവിതത്തിലേക്ക് കടന്നു വരിക, നമ്മുടെ ഉള്ളില്‍ നമ്മള്‍ പോലുമറിയാതെ ഉള്ള ആത്മധൈര്യം നിങ്ങള്‍ക്ക് വഴികാട്ടും. ഒരിക്കലും പതറരുത്, മുന്നോട്ടു പോയ്‌കൊണ്ടിരിക്കണം.

actress neha ayyar
Advertisment