‘റഷ്യയില്‍ ആണവ പ്ലാന്റുകളില്‍ നിന്നും രക്ഷപ്പെടാന്‍ ചാണകം ഉപയോഗിക്കുന്നു, നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം;’ പശു ശാസ്ത്ര പരീക്ഷയ്ക്കുള്ള സിലബസ് കണ്ട് കുറിപ്പുമായി മലയാളി ഡോക്ടര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 8, 2021

പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പശുശാസ്ത്ര സിലബസിനെ പരിഹസിച്ച് മലയാളി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് സിലബസ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് അശാസ്ത്രീയമായ ഒരു പിടി ലിസ്റ്റുകളുടെ സിലബസ് ഡോക്ടര്‍ക്ക് ലഭിച്ചത്.

സിലബസിലെ ചില വിവരങ്ങള്‍ ഡോക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചാണകത്തിന്റെ ആവരണമുള്ള ചുമരുകളില്‍ താമസിച്ചവരാണ്, നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്, റഷ്യയിലും ഇന്ത്യയിലെയും ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് രക്ഷപ്പെടാനായി ചാണകം ഇന്നും ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്.

ഈ വര്‍ഷം ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുന്നത്. കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ എക്‌സാമിനേഷന്‍ എന്നാണ് പരീക്ഷയുടെ പേര്. പരീക്ഷയുടെ പേര് കാമധേനു ആയോഗ് വെബ്‌സൈറ്റില്‍ പുറത്തിറക്കുകയായിരുന്നു.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്

രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു എക്‌സാമിന് രജിസ്റ്റര്‍ ചെയ്ത വിവരം സന്തോഷപൂര്‍വം ഏവരെയും അറിയിക്കുന്നു കേട്ടോ. രജിസ്റ്റര്‍ ചെയ്ത് സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പഠിക്കാന്‍ തുടങ്ങിയപ്പൊ സിലബസില്‍ കണ്ട ഏതാനും വസ്തുതകള്‍ എഴുതുന്നെന്നേയുള്ളു. ആവശ്യമുള്ളവര്‍ക്ക് പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ.

രണ്ടാമത്തെ പേജില്‍ ‘ ജയ് ഗോമാതാ ‘ എന്ന വാചകം പന്ത്രണ്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേത് ‘ സ്തുതി അമ്മ പശുവിനെ ‘ എന്നാണ്. എന്തോ വശപ്പിശകുണ്ടല്ലോ എന്ന് തോന്നി. തൊട്ട് താഴെ ഡിസ്‌ക്ലെയ്മറുണ്ട്. ഴീീഴഹല ൃേമിഹെമീേൃ വച്ച് പരിഭാഷപ്പെടുത്തിയതാണ് എന്ന്.. ആശ്വാസമായി.
ഇനി വസ്തുതകളിലേക്ക്.

 1. പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊര്‍ജത്തെ വലിച്ചെടുക്കുന്നു.
  ഗോമാതാവിന്റെയും ജേഴ്‌സിപ്പശുവിന്റെയും വ്യത്യാസങ്ങള്‍ പത്തുമുപ്പതെണ്ണം കൊടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മാത്രമേ എഴുതുന്നുള്ളൂ.
 2. ഗോമാതാവിന്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം, ജേഴ്‌സിയുടേത് പറ്റില്ല.
 3. ഗോമാതാവിന്റെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. ജേഴ്‌സിയുടെ പാലില്‍ ഇല്ല.
 4. ഇന്ത്യന്‍ പശുക്കള്‍ വൃത്തിയുള്ളവയാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാന്‍ മാത്രം ബുദ്ധിയുള്ളവയാണ്. ജേഴ്‌സികള്‍ അലസരാണ്.
 5. പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാല്‍ ഉടന്‍ ഇന്ത്യന്‍ പശു എഴുന്നേറ്റ് നില്‍ക്കും. ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങള്‍ ഒന്നുമില്ല.
 6. പശു മൂത്രം 100 കണക്കിന് രോഗങ്ങള്‍ക്കുള്ള ലളിതമായ പരിഹാരമാണ് 25-30 മില്ലി ലിറ്റര്‍ ദിവസവും കുടിക്കുക.
 7. ഭോപ്പാലില്‍ 1984 ല്‍ ഉണ്ടായ വിഷവാതക ദുരന്തത്തില്‍ 20,000 ല്‍ കൂടുതല്‍ ആള്‍ക്കാര്‍ മരണപ്പെട്ടു. പക്ഷേ ചാണകം മെഴുകിയ വീടുകളില്‍ താമസിച്ചിരുന്നവരെ അത് ബാധിച്ചില്ല.
  ഇന്നും റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ ചാണകം ഉപയോഗിക്കാറുണ്ട്.
 8. വലിയ ഭൂകമ്പങ്ങളുടെ കാരണം മൃഗങ്ങളെ കൊല്ലുന്നതാണ്.

ആഫ്രിക്കയിലെ ജനങ്ങള്‍ കത്തിക്കാന്‍ ചാണകം ഉപയോഗിച്ചിരുന്നു എന്നും അവിടം സന്ദര്‍ശിച്ച മിഷനറിമാര്‍ അവരെ അതില്‍ നിന്ന് വിലക്കിയെന്നും അപ്പോള്‍ ജനങ്ങള്‍ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വിലപ്പെട്ട കണ്ടെത്തലും അന്‍പത്തിനാല് പേജ് വലിപ്പമുള്ള സിലബസിലുണ്ട്.
ട്രോളോ തമാശയോ അല്ല. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ ഏകദേശ പരിഭാഷ മാത്രമാണ്.
പഠിച്ചോളൂ…മുന്നോട്ടുള്ള ഇന്ത്യയില്‍ ആവശ്യമായി വരും…

×