/sathyam/media/media_files/2025/09/12/rajesh-gola-2025-09-12-18-12-22.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ പ്രക്ഷോഭകര്‍ തീയിട്ട ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വനിതക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ രാജേഷ് ഗോല (57) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് രാംവീര്‍ സിങ് ഗോലക്കൊപ്പം ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് സെപ്റ്റംബര്‍ ഏഴു മുതല്‍ ദമ്പതികള്‍ താമസിച്ചിരുന്നത്.
പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ദമ്പതികള്‍ നേപ്പാളില്‍ എത്തിയത്. 9ന് പ്രക്ഷോഭകര്‍ ഹോട്ടലില്‍ തീയിട്ടപ്പോള്‍ ജനല്‍വഴി ഇരുവരും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് ജീവന്‍ നഷ്ടമായത്. ഭര്‍ത്താവ് രാംവീര്‍ സിംഗ് പരുക്കുകളോടെ രക്ഷപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം ഹോട്ടലിലെ നാലാമത്തെ നിലയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. പ്രതിഷേധക്കാര്‍ ഹോട്ടലില്‍ ഇരച്ചുകയറി തീയിട്ടതോടെ മുകളില്‍ നിന്നും താഴെയിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി.
ഈ സമയം രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ താഴെ മെത്തകള്‍ വിരിച്ച് രാംവീറിനോടും രാജേഷിനോടും ജനലിലൂടെ താഴേക്ക് ചാടാന്‍ ആവശ്യപ്പെട്ടു.
മുറിയിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് ദമ്പതികള്‍ മെത്തയിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രാജേഷിന് ജീവന്‍ നഷ്ടമായത്. രാംവീറിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്ന് മകന്‍ പ്രതികരിച്ചു.