/sathyam/media/post_attachments/prJOcCWjyWrbRibI3CPu.jpg)
തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ പ്രത്യകമായി അക്കൗണ്ടിംഗ് വിഭാഗം ഒരുക്കുന്നു. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിൽനിന്നും ബി.കോം, എം.കോം തുടങ്ങിയ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് ഈ വിഭാഗത്തിൽ നിയമിക്കുന്നത്. യൂണിറ്റ്, ജില്ലാ , ചീഫ് ഓഫീസുകളിലായിരിക്കും ഇവരുടെ സേവനം. 17 സൂപ്രണ്ടുമാരെയും 165 അസിസ്റ്റന്റുമാരെയുമാണ് ഇപ്പോൾ നിയോഗിക്കുക. ഇവരുടെ വേതനം, സീനിയോറിറ്റി തുടങ്ങിയവയെ ബാധിക്കാത്ത തരത്തിലായിരിക്കും അക്കൗണ്ടിംഗ് വിഭാഗത്തിലേയ്ക്കുള്ള മാറ്റം.
പ്രതിദിനം ആറ് കോടിയിലധികം കൈകാര്യം ചെയ്യപ്പെടുന്ന കെ.എസ് ആർ.ടി.സി യിൽ ഇതുവരെ അക്കൗണ്ടിംഗ്, ഡബിൾ എൻ ട്രിബുക്ക് കീപ്പിംഗ് കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. ദൈനംദിന - മാസ കണക്കുകൾ യഥാസമയം രേഖപ്പെടുത്തുന്നതിനോ, ഓരോ ബസിന്റെയും, യൂണിറ്റിന്റെയും വരുമാനം വിശകലനം ചെയ്യാനോ പ്രത്യേകം അക്കൗണ്ടിംഗ് വിഭാഗം ഇല്ല. 2017-18 വരെയുള്ള ആഡിറ്റിംഗ് മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളുവെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഓരോ യൂണിറ്റുകളിൽ നിന്നുള്ള കണക്കുകളിലും വലിയ വ്യത്യാസം കാണുന്നുണ്ട്.
ഓരോ യൂണിറ്റിനെയും ലാഭ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. ഓരോ ബസ്സിന്റെയും യൂണിറ്റിന്റെയും വരുമാനം ദിവസം, ആഴ്ച, മാസം, ത്രൈമാസികം എന്നീ രീതിയിൽ യഥാസമയം അക്കൗണ്ട്സ് ചെയ്തു, ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് തത്വത്തിൽ രേഖപ്പെടുത്തുന്നതിനാണ് പ്രത്യേകം അക്കൗണ്ടിംഗ് വിഭാഗത്തെ നിയമിക്കുന്നത്. ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള ജീവനക്കാർ 2023 ഫെബ്രുവരി 28 - ന് മുമ്പ് സമ്മതപത്രം നല്കണം.
ഇപ്പോഴത്തെ നിയമനങ്ങൾ താത്ക്കാലികമായിരിക്കും. അടുത്ത ഏപ്രിൽ ഒന്നു മുതൽ നിശ്ചിത യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി, പുതിയ കേഡർ രൂപീകരിച്ച് സ്ഥിരം ജീവനക്കാരുള്ള അക്കൗണ്ടിംഗ് വിഭാഗമാക്കി മാറ്റും. ഇതോടൊപ്പം അക്കൗണ്ടിംഗ് കോസ്റ്റിംഗിനായി പുതിയ സോഫ്റ്റ് വെർ സ്ഥാപിക്കും.